കേന്ദ്രത്തിന്റേത് മർക്കട മുഷ്ടി മിണ്ടാതിരിക്കാൻ കേരളത്തെ കിട്ടില്ല

Friday 23 February 2024 12:04 AM IST

സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കേരളം സുപ്രീംകോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാട് സംസ്ഥാന താത്പര്യത്തിന് എതിരാണ്. സംസ്ഥാനങ്ങളുമായി നല്ല ബന്ധത്തിന് ഉതകുന്ന സമീപനമല്ല കേന്ദ്രത്തിന്റേത്. നികുതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം, വായ്പ തുടങ്ങിയവ സംസ്ഥാനത്തിന്റെ അവഗണിക്കാനാകാത്ത വരുമാന മാർഗങ്ങളാണ്. ഇത് തടസ്സപ്പെടുത്തുന്നതാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ.


സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതം പകുതിയിലേറേ കുറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ഈയിനത്തിൽ 18,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈവർഷം അത് 21,000 കോടി രൂപയായി ഉയർന്നു. ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാതാക്കിയത്‌ കേരളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. റവന്യു കമ്മി ഗ്രാന്റിലും വലിയ കുറവുണ്ട്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ്‌ കേന്ദ്രാവിഷ്‌കൃത പദ്ധതി ഗ്രാന്റുകളിലടക്കം അർഹതപ്പെട്ടതും, കേരളം മുൻകൂർ ചെലവിട്ടതുമായ തുകകൾ പോലും നിഷേധിക്കുന്നത്.

പ്രശ്നപരിഹാരത്തിന് ഭരണപരമായ എല്ലാ നടപടികളും നമ്മൾ സ്വീകരിച്ചു. കണക്കുകളെല്ലാം കൃത്യമായി നൽകി. നിയമസഭ രണ്ടുതവണ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനും, ധനകാര്യ മന്ത്രി എന്നനിലയിൽ ഞാനും പലതവണ വിഷയം കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തി. ഉദ്യോഗസ്ഥ തലത്തിലും മന്ത്രി തലത്തിലും നിരവധി കത്തുകൾ നൽകി. രാഷ്ട്രീയമായും ശ്രമിച്ചു. എന്നിട്ടും നീതി നിഷേധിക്കപ്പെടുന്ന ഘട്ടത്തിലാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്.

ദേശവ്യാപക

പിന്തുണ

സുപ്രീംകോടതിയിൽ ഉന്നയിക്കപ്പെട്ടത്‌ കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നത് പൊതുവിൽ എല്ലാ സംസ്ഥാനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മാത്രമല്ല, കർണ്ണാടകത്തിലെ കോൺഗ്രസ്‌ സർക്കാരും ഡൽഹിയിൽ സമരം നടത്തി. അവിടത്തെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എം.എൽ.എമാരും എം.എൽ.സിമാരും അടക്കം സമരത്തിന്റെ ഭാഗമായി. ബംഗാൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ വലിയ സമരം നടന്നു. കാശ്മീർ, പഞ്ചാബ്, ഡൽഹി, തമിഴ്നാട്, മേഘാലയ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിന്തുണ ഉണ്ടായി.കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ അടക്കം രാഷ്ട്രീയ നേതൃത്വത്തിന്റെ വലിയൊരു പങ്കും കേരളത്തിന്റെ സമരത്തെ പിന്തുണച്ചു.

കേന്ദ്ര നിലപാട്

പ്രതികൂലം


സുപ്രീംകോടതിയിൽ രണ്ട് ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. അടിയന്തര ആവശ്യങ്ങൾ പരിഗണിച്ചുള്ള ഇടക്കാല ഉത്തരവായിരുന്നു ഒന്ന്. ഒരു സംസ്ഥാനമായാലും സ്ഥാപനമായാലും വ്യക്തിയായാലും ആവശ്യങ്ങൾക്ക് പണലഭ്യത പ്രധാനമാണ്. അത് സമയത്തിനുതന്നെ കിട്ടേണ്ടതുമുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നതിനാലാണ് ഇടക്കാല ഉത്തരവു തേടിയത്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കത്തിൽ പരസ്പരചർച്ചയിലൂടെ സമവായം കണ്ടെത്തിക്കൂടേ എന്ന അഭിപ്രായം സുപ്രീംകോടതി മുന്നോട്ടുവച്ചു. കേരളം അപ്പോൾത്തന്നെ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചു. കേരളം ചർച്ചയെ ഗൗരവത്തോടെ തന്നെയാണ് സമീപിച്ചത്. ധനകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ പ്രതിനിധി സംഘം ചർച്ചയ്ക്കു പോയി. കേന്ദ്ര
സർക്കാരിനായി റവന്യു സെക്രട്ടറിയും അഡിഷണൽ സോളിസിറ്റർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. എന്നാൽ, അവിടെ കേന്ദ്ര സർക്കാർ എടുത്ത നിലപാട് ആശാവഹമായിരുന്നില്ല.


ബ്ലാക്ക്

മെയിലിംഗ്

കേരളത്തിന് ഇപ്പോൾ സ്വാഭാവികമായും കിട്ടേണ്ട 13,609 കോടി രൂപയുണ്ട്. ഈ പണം തരണമെങ്കിൽ ഹർജി പിൻവലിക്കണം എന്നതായിരുന്നു കേന്ദ്ര നിലപാട്. ഇക്കഴിഞ്ഞ 19-ന് സുപ്രീംകോടതി ഹർജി വീണ്ടും പരിഗണിച്ചപ്പോഴും കേന്ദ്ര നിലപാട് വിചിത്രമായിരുന്നു. പണംകൊടുക്കാനുണ്ട്; എന്നാൽ, ഹർജി പിൻവലിച്ചാലേ നൽകൂ എന്ന സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത നിലപാടാണിത്.

കോടതിയിലേക്ക്‌ പോകത്തക്ക നിലയിൽ കേന്ദ്ര സർക്കാരും സംസ്ഥാനവും തമ്മിൽ ഒരു തർക്കമുണ്ടാകുന്നത് അത്യപൂർവ സംഭവമാണ്. എന്നാൽ, ഇവിടെ തർക്ക പരിഹാരത്തിന്‌ നേരെ കോടതിയെ സമീപിക്കുകയായിരുന്നില്ല. മറ്റ് മാർഗങ്ങളെല്ലാം തേടിയ ശേഷമാണ്‌ കോടതിയെ സമീപിച്ചത്. കേസ് നിലനിൽക്കുന്നതിനാൽ പണം തരാൻ കഴിയില്ലെന്ന വാദത്തിൽ നിന്നുതന്നെ കേരളം പറഞ്ഞത് പൂർണമായും ശരിയാണെന്നാണ് തെളിയുന്നത്. ഒരു തർക്കവും ഇല്ലാത്തതിനാലാണ് 13,609 കോടി രൂപ തരാമെന്നു സമ്മതിക്കുന്നത്. സ്വാഭാവികമായിത്തന്നെ തർക്കരഹിതമായ വായ്പ നൽകണമെങ്കിൽ ഹർജി പിൻവലിക്കണമെന്നു പറയുന്നത് 'ബ്ലാക്ക് മെയിലിംഗ്' ആണ്. സംസ്ഥാനത്തെ സമ്മർദ്ദത്തിലാക്കി ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ് അത്.

സംസ്ഥാനം നൽകിയ കേസിൽ നീതിയുക്തമായ കാര്യങ്ങൾ ഉണ്ടെന്നത് തിരിച്ചറിഞ്ഞുള്ള സമ്മർദ്ദതന്ത്രമാണ് കേസ് പിൻവലിക്കൽ ആവശ്യത്തിലൂടെ ഉന്നയിക്കുന്നത്. കൂലി വർദ്ധന ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന് പരാതി നൽകിയ തൊഴിലാളിയോട്, ചെയ്തജോലിക്ക് നിലവിലുള്ള കൂലി ലഭിക്കാൻ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പിന്തിരിപ്പൻ മുതലാളിയുടെ സമീപനമാണ് കേന്ദ്രത്തിന്റേത്. കേരളത്തിനുനേരെ മർക്കട മുഷ്ടി കാട്ടുകയാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാനാകുന്നത്. ഇതിനുപുറമെ ഊർജമേഖലയിലെ പരിഷ്‌കാര നടപടികൾക്കായി അര ശതമാനം അധികവും അനുവദിക്കുന്നു. കഴിഞ്ഞവർഷം അനുവദിച്ചത് 2.44 ശതമാനം മാത്രമാണ്. ഇതേ കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ധനകമ്മി 6.4 ശതമാനമായിരുന്നു. ഈവർഷം പുതുക്കിയ കണക്കിലും 5.8 ശതമാനമാണ്. സംസ്ഥാനങ്ങളുടെ വായ്പയുടെ ഇരട്ടിയാണ് കേന്ദ്രം എടുക്കുന്നത്.

സാമ്പത്തിക വർഷാവസാന മാസമായ മാർച്ചിൽ സംസ്ഥാനങ്ങൾക്ക് വലിയ ചെലവാണുള്ളത്. കഴിഞ്ഞവർഷം മാർച്ചിലെകേരളത്തിന്റെ ട്രഷറി ചെലവ് 22,000കോടിയോളം രൂപയാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് യൂണിയൻ സർക്കാർ നടത്തുന്നത്. ആളെ ബന്ദിയാക്കി കരാർ ഒപ്പിടീക്കുന്ന കവല ചട്ടമ്പിയുടെ രീതിയാണിത്. ഇത്തരം സാഹചര്യം സിനിമാകഥകളിൽ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ, ഒരു സംസ്ഥാനത്തിന്‌നേരെയാണീ രീതി പ്രയോഗിക്കുന്നത്. ഭരണഘടനാപരമായ സംസ്ഥാനത്തിന്റെയും യൂണിയൻ സർക്കാരിന്റെയും അവകാശം സംരക്ഷിക്കുന്ന നിലപാടായിരിക്കുംകോടതി സ്വീകരിക്കുകഎന്നതുതന്നെയാണ്‌ കേരള സർക്കാരിന്റെ പ്രതീക്ഷ.

ജനങ്ങൾക്ക്

എതിര്


ഭരണഘടന അനുസരിച്ച്‌ കോടതിയിലൂടെയുള്ള തർക്കപരിഹാരം ആവശ്യപ്പെടുമ്പോൾ, അതു പാടില്ലെന്നാണ് കേന്ദ്രം പറയുന്നത്. നിയമനടപടിയുമായി മുന്നോട്ടു പോയാൽ സംസ്ഥാനത്ത് ആശുപത്രികളിലെ മരുന്നും, സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും മുടക്കുമെന്നും, നാടിന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണം തരില്ലെന്നും പറയുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണ്. അടിയന്തര പ്രാധാന്യമുള്ള സാമ്പത്തിക വിഷയങ്ങളിൽ ന്യായമായ പരിശോധനകളും പരിഹാര നടപടികളുമാണ്‌ വേണ്ടത്. ജനാധിപത്യപരമായും നിയമപരമായും സംസാരിക്കാൻ പാടില്ലെന്നു പറയുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കിട്ടുന്നതു വാങ്ങി നിശബ്ദരായി ഇരിക്കാൻ പറഞ്ഞാൽ അതിന് കേരളത്തെ കിട്ടില്ല.

Advertisement
Advertisement