ടോയ്‌ലെറ്റിനുള്ളില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു, മദ്യലഹരിയില്‍ സംഭവിച്ചതെന്ന് കുറ്റസമ്മതം

Thursday 22 February 2024 6:59 PM IST

ബാഴ്‌സലോണ: നിശാക്ലബ്ബില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് തടവ് ശിക്ഷ. 2022 ഡിസംബറില്‍ നടന്ന സംഭവത്തില്‍ നാലര വര്‍ഷത്തെ ജയില്‍വാസമാണ് സ്‌പെയിനിലെ കോടതി സൂപ്പര്‍താരത്തിന് വിധിച്ച ശിക്ഷ.

നിശാക്ലബ്ബിലെ ടോയ്‌ലെറ്റിനുള്ളില്‍ വച്ച് യുവതിയെ ഡാനി ആല്‍വസ് ബലാത്സംഗം ചെയ്യുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമേ താരത്തിന് ഒന്നരലക്ഷം യൂറോ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

സംഭവത്തില്‍ പരാതി ഉയര്‍ന്നപ്പോള്‍ അങ്ങനെ ഒരു യുവതിയെ തനിക്ക് അറിയില്ലെന്നാണ് ഡാനി ആല്‍വസ് ആദ്യം പറഞ്ഞതെങ്കിലും തെളിവുകള്‍ തനിക്കെതിരായതോടെ മദ്യലഹരിയില്‍ സംഭവിച്ചുപോയതാണെന്ന് താരം കുറ്റസമ്മതം നടത്തിയിരുന്നു.

ബ്രസീലിലേയും ലോക ഫുട്‌ബോളിലേയും എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളാണ് 40കാരനായ ഡാനി ആല്‍വസ്. ബലാത്സംഗ കേസില്‍ നിലവില്‍ റിമാന്‍ഡിലുള്ള ആല്‍വസ് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.

ബാഴ്സലോണക്കായി 300ല്‍ അധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. മൂന്ന് ലോകകപ്പുകളില്‍ ബ്രസീലിനായി കളിച്ചു. ബാഴ്‌സയ്ക്ക് പുറമേ പിഎസ്ജി, യുവന്റസ് ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അതേസമയം കേസിലെ ആരോപണം ഉയര്‍ന്നുവന്നതോടെ താരവുമായുള്ള കരാര്‍ മെക്‌സിക്കന്‍ ക്ലബ്ബ് പ്യൂമാസ് റദ്ദാക്കിയിരുന്നു.

ഒളിംപിക് സ്വര്‍ണം നേടുന്ന പ്രായം കൂടിയ ഫുട്ബോള്‍ താരമാണ്. ഡാനി ആല്‍വസ് ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ ബ്രസീല്‍ ടീമിലും വെറ്ററന്‍ താരം ഇടം പിടിച്ചിരുന്നു.