കോണ്ടം പാക്കറ്റില്‍ വരെ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നു, വിതരണം സൗജന്യമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

Thursday 22 February 2024 7:25 PM IST

വിശാഖപട്ടണം: ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകള്‍ ഉത്സവസമാനമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ സ്ഥിതി വ്യത്യസ്തമല്ല. പ്രചാരണത്തിന് വ്യത്യസ്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് പുതുമയുള്ള ഒരു സംഭവമേയല്ല. എന്നാല്‍ ആന്ധ്ര പ്രദേശില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അല്‍പ്പം വ്യത്യസ്തമാണ്.

രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും ഗര്‍ഭനിരോധന ഉറകള്‍ക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോയെന്ന സംശയമാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ പുത്തന്‍ പ്രചാരണ തന്ത്രം കണ്ടാല്‍ സംശയം തോന്നുക. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഗര്‍ഭനിരോധന ഉറ ഒരു പ്രചാരണ ഉപകരണമായി മാറിയിരിക്കുന്നു.

രണ്ട് പ്രധാന പാര്‍ട്ടികളും അവരുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ അച്ചടിച്ച കോണ്ടം പാക്കറ്റുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം നടത്തുകയാണ്. ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെയും ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയ കോണ്ടം പായ്ക്കറ്റുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍, ടിഡിപി പ്രവര്‍ത്തകനെന്ന് കരുതപ്പെടുന്ന ഒരാളോട് എന്തിനാണ് കോണ്ടം വിതരണം ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍ നിരവധി കുട്ടികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ പണം വിതരണം ചെയ്യേണ്ടി വരുമെന്നും അതിനാലാണ് ഈഗര്‍ഭനിരോധന ഉറ വിതരണം ചെയ്യുന്നതെന്നുമാണ് മറുപടി പറയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്ത കിറ്റിലാണ് കോണ്ടം പാക്കറ്റുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം കോണ്ടം വിതരണം ചെയ്തതിന് ഇരു പാര്‍ട്ടികളും പരസ്പരം വിമര്‍ശിക്കുന്നുണ്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ അണികളുടെ അഭിപ്രായങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.