പഞ്ചാബില്‍ എഎപിക്ക് 'ഇന്ത്യ' ഇല്ല; ഡല്‍ഹിയില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കും, കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്ത് ആംആദ്മി പാര്‍ട്ടി

Thursday 22 February 2024 8:05 PM IST

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂടുതല്‍ സീറ്റുകള്‍ പങ്കുവയ്ക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റുകളില്‍ നാലിടത്ത് എഎപിയും മൂന്നിടത്ത് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് എഎപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ഡല്‍ഹിയില്‍ ആറിടത്ത് എഎപി ഒരിടത്ത് കോണ്‍ഗ്രസ് എന്ന നിലയിലായിരുന്നു സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റിന് പോലും അര്‍ഹതയില്ലെന്നും എന്നാല്‍ സഖ്യത്തിലെ മര്യാദ അനുസരിച്ചാണ് ഒരു സീറ്റ് നല്‍കുന്നതെന്നുമാണ് എഎപി നേതൃത്വം പ്രതികരിച്ചത്.

ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ ആണ് അധികാരത്തിലെങ്കിലും കഴിഞ്ഞ രണ്ട് തവണയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുകയായിരുന്നു. അതേസമയം പാര്‍ട്ടി അധികാരത്തിലുള്ള പഞ്ചാബില്‍ ഒരു സീറ്റ് പോലും എഎപി കോണ്‍ഗ്രസിന് മത്സരിക്കാന്‍ നല്‍കില്ല. ഇവിടെ കോണ്‍ഗ്രസും എഎപിയും പ്രത്യേകം മത്സരിക്കും.

ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.