ജമ്മുവിൽ ഹിമപാതം; റഷ്യൻ സ്‌കീയർ മരിച്ചു, ആറുപേരെ രക്ഷപ്പെടുത്തി

Thursday 22 February 2024 8:15 PM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ സ്‌കീയർ മരിച്ചു. അഫർവത് കൊടുമുടിയുടെ ഖിലൻമാർഗിൽ മേഖലയിലാണ് ഹിമപാതം ഉണ്ടായത്. ഏഴംഗ റഷ്യൻ സംഘമാണ് ഉണ്ടായിരുന്നത്. ആറ് പേരെ രക്ഷിച്ചെന്നും ഇവർ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. സൈന്യവും പട്രോളിംഗ് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശവാസികളാരും ഇല്ലാതെയാണ് ഇവർ ഇവിടെയെത്തിയത്. സ‍ഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെയും വീഡിയോ വൈറലാണ്.

കാശ്മീരിൽ മൂന്നു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. താഴ്വരയിലെ കുന്നിൻ പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വലിയതോതിലുള്ള മഞ്ഞുവീഴ്ചയുണ്ട്. പ്രദേശത്ത് ഇനിയും ഹിമപാതം രൂപപ്പെട്ടേക്കാമെന്നാണ് വിവരം.