ചൊവ്വൂരിൽ 23 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

Friday 23 February 2024 1:19 AM IST

ചേർപ്പ് : ചേർപ്പ് ചെവ്വൂർ അഞ്ചാംകല്ലിന് സമീപത്തുനിന്ന് 23 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. പെരിഞ്ഞനം മൂന്നുപീടിക നെല്ലിക്കത്തറ വീട്ടിൽ ഷിവാസ് (29), നെന്മാറ കോതക്കുളം റോഡിൽ പുനച്ചാന്ത് വീട്ടിൽ ബ്രിജിത (25) എന്നിവരെയാണ് ചേർപ്പ് സബ് ഇൻസ്‌പെക്ടർ ശ്രീലാലിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്. തൃശൂർ ജില്ലാ റൂറൽ പൊലീസ് മേധാവി നവനീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ചൊവ്വൂർ നിന്നും പ്രതികളെ വാഹന സഹിതം അറസ്റ്റ് ചെയ്തത്. ചേർപ്പ് സബ് ഇൻസ്‌പെക്ടർ ശ്രീലാൽ, തൃശൂർ റൂറൽ ഡാൻസാഫ് എസ്.ഐമാരായ വി.ജി. സ്റ്റീഫൻ, സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, ടി.ആർ. ഷൈൻ, സതീശൻ മടപ്പാട്ടിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയ്ക്ക് കേരളത്തിൽ ഒരു ലക്ഷം രൂപയോളം വിലവരും. പിടികൂടിയ മയക്കുമരുന്ന് ബാംഗ്ലൂർ നിന്ന് തീരദേശ മേഖലയിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇവർ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപ്പന നടത്തുന്ന ആളുകളെയുംപറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement