'കടുവയെ പിടിച്ച് വേട്ടയാടി കൊന്ന് അതിന്റെ പല്ല് ഊരിയെടുത്തതാണ് ഈ ലോക്കറ്റ്', ആഹാ എന്നിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Thursday 22 February 2024 8:28 PM IST

മുംബയ്: 1987ല്‍ അതായത് 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കടുവയെ വേട്ടയാടി കൊന്ന ശേഷം അതിന്റെ പല്ല് ഊരിയെടുത്തതാണ് തന്റെ ലോക്കറ്റ് എന്ന അവകാശവാദവുമായി എംഎല്‍എ. മഹാരാഷ്ട്രയിലെ ശിവ സേനയുടെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

വിദര്‍ഭ മേഖലയിലെ ബുല്‍ദാന മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സഞ്ജയ് ഗെയ്ക്‌വാദ്. ഇത്തരമൊരു കാര്യം അവകാശപ്പെടുന്ന എംഎല്‍എയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീമ്പ് പറയുന്ന പല വീഡിയോകളും ഇദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും ഇത് അല്‍പ്പം കടന്നുപോയെന്നാണ് നെറ്റിസന്‍സ് പരിഹസിക്കുന്നത്.

'1987ല്‍ ഞാന്‍ ഒരു കടുവയെ വേട്ടയാടുകയും അതിനെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം അതിന്റെ പല്ല് ഊരിയെടുക്കുകയും കഴുത്തില്‍ അണിയുകയും ചെയ്തു. അതാണ് നിങ്ങള്‍ ഇപ്പോള്‍ ഈ മാലയില്‍ കാണുന്നത്'. വീഡിയോയില്‍ എംഎല്‍എ പറയുന്നു.

അതേസമയം ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) മുഖപത്രമായ സാമ്‌ന അവരുടെ ഓണ്‍ലൈന്‍ എഡിഷനില്‍ എംഎല്‍എയുടെ അവകാശവാദത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. രാജ്യത്ത് 1987ന് മുമ്പ് തന്നെ കടുവകളെ കൊല്ലുന്നത് നിയമപരമായി നിരോധിച്ചതാണെന്നും സാമ്‌നയില്‍ ഓര്‍മ്മപ്പെടുത്തുന്നു.