ദാദാസാഹിബ് ഫാൽകെ അവാർഡ് ഏറ്റുവാങ്ങി നയൻസ്

Friday 23 February 2024 6:00 AM IST

ദാദാസാഹിബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം ഏറ്റുവാങ്ങി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. നയൻതാരയ്ക്ക് ആദ്യമായി ലഭിക്കുന്ന അവാർഡാണ്. ഏറ്റവും ബഹുമുഖ നടിക്കുള്ള അവാർഡാണ് ലഭിച്ചത്. അവാർഡ് ലഭിച്ചതിന്റെ സന്തോഷം നയൻതാര സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇളം മഞ്ഞനിറം സാരി ധരിച്ചാണ് അവാർഡ് വാങ്ങാൻ നയൻതാര എത്തിയത്. സാരിയിൽ അതിസുന്ദരിയായിട്ടുണ്ടെന്ന് ആരാധകരും ചിത്രങ്ങൾ പങ്കുവച്ച് ഭർത്താവ് വിഘ്നേഷ് ശിവനും അഭിപ്രായപ്പെട്ടു. ഇൗ പൂവുമായി ഞാൻ പ്രണയത്തിലാണ് എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ശിവൻ ചിത്രങ്ങൾ പങ്കുവച്ചത്. അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് ആരാധകരും താരങ്ങളും എത്തി. മുംബയിലാണ് പുരസ്കാര വിതരണം നടന്നത്. ജവാനിലെ പ്രകടനത്തിന് ഷാരൂഖ്ഖാനാണ് മികച്ച നടൻ. റാണി മുഖർജിയാണ് മികച്ച നടി.