സുരക്ഷാ ഭീഷണി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് കേന്ദ്രം

Thursday 22 February 2024 8:52 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ച് ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.

സിആര്‍പിഎഫ് ആണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന് ഇനി മുതല്‍ സുരക്ഷ ഒരുക്കുക. 55 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദിവസേന 24 മണിക്കൂറില്‍ മൂന്ന് ഷിഫ്റ്റുകളിലായിട്ടായിരിക്കും ഖാര്‍ഗെയ്ക്ക് സിആര്‍പിഎഫിന്റെ പരിരക്ഷ.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഇനി മുതല്‍ സഞ്ചരിക്കുക ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള വാഹനത്തിലായിരിക്കും. വിഐപി സെക്യൂരിറ്റി പൊതുവെ ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്‌സ് എന്നീ നാല് വിഭാഗങ്ങളിലായാണ് ഒരുക്കുന്നത്.ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ചാണ് സുരക്ഷയുടെ കാറ്റഗറി നിശ്ചയിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഇസഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയും അടുത്തിടെ ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിരുന്നു.