മെയ്തികളെ പട്ടികവർഗമാക്കുന്ന നിർദ്ദേശം കോടതി പിൻവലിച്ചു, മണിപ്പൂർ കലാപത്തിന് ഇടയാക്കിയ ഉത്തരവ്

Friday 23 February 2024 4:19 AM IST

ന്യൂഡൽഹി : മെയ്തികളെ പട്ടികവർഗ വിഭാഗപട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന വിവാദ നിർദ്ദേശം മണിപ്പൂർ ഹൈക്കോടതി പിൻവലിച്ചു. 2023 മാർച്ച് 27ന് ജസ്റ്റിസ് എം.വി. മുരളീധരൻ സംസ്ഥാന സർക്കാരിന് നൽകിയ നിർദ്ദേശം ജസ്റ്റിസ് ഗൊൽമെയ് ഗയ്ഫുൽഷില്ലുവാണ് പിൻവലിച്ചത്. പുനഃപരിശോധനാഹർജികൾ പരിഗണിച്ചാണ് നടപടി.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ മണിപ്പൂരിൽ മെയ്തി - കുക്കി വിഭാഗങ്ങൾക്കിടയിൽ തുടങ്ങിയ അശാന്തി ഇപ്പോഴും തുടരുന്നതിനിടെയാണിത്. പട്ടികവിഭാഗ പട്ടികയിൽ മാറ്റം വരുത്തണമെന്ന് ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. ഇതിനെതിരാണ് മുൻ നിർദ്ദേശമെന്ന് ജസ്റ്റിസ് ഗൊൽമെയ് ഗയ്ഫുൽഷില്ലു നിരീക്ഷിച്ചു.

വിവാദ ഉത്തരവിട്ട ജസ്റ്റിസ് എം.വി. മുരളീധരനെ കോൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണം, അല്ലെങ്കിൽ മണിപ്പൂരിൽ തുടരാൻ അനുവദിക്കണമെന്ന ജഡ്ജിയുടെ അഭ്യർത്ഥന സുപ്രീംകോടതി കൊളീജിയം തള്ളിയിരുന്നു. അതേസമയം, വിധിയിലെ ഒരു പാരഗ്രാഫ് ഒഴിവാക്കിയതു കൊണ്ട് കാര്യമില്ലെന്ന് കുക്കി വിഭാഗം അഭിഭാഷകർ പ്രതികരിച്ചു.

2023 മേയിൽ തുടങ്ങിയ കലാപത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 60,000 ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. കുക്കി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചു. ഇതിന് പിന്നാലെ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് ജുഡിഷ്യൽ സമിതി രൂപീകരിക്കൽ ഉൾപ്പെടെ ഇടപെടലുകൾ നടത്തിയിരുന്നു.

Advertisement
Advertisement