'ഇത് ഞാൻ നേരത്തെ തീരുമാനം എടുത്തത്'; വിമാനത്തിനുള്ളിൽ സഹയാത്രികന് നേരെ ആയുധമെടുത്ത് യുവാവ്
ലാസ് വെഗാസ്: സഹയാത്രികനെ പേന കൊണ്ട് കുത്തിക്കൊല്ലാൻ നേരത്തെ ആസൂത്രണം ചെയ്ത പ്രതി പിടിയിൽ. കഴിഞ്ഞ മാസം 24നാണ് സംഭവം നടക്കുന്നത്. ജൂലിയോ അൽവാരസ് ലോപ്പസ് എന്ന ആളാണ് സംഭവത്തിൽ അറസ്റ്റിലായത്.
ലാസ് വെഗാസിലെ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിമാനത്തിനുള്ളിൽ ഇയാൾ തന്റെ കെെയുറകൾ അഴിക്കുകയും ഇടുകയും ചെയ്തുകൊണ്ടിരുന്നതായും സഹയാത്രികനെ ആക്രമിക്കുന്നതിന് മുൻപ് ഏറെ നേരം ടോയ്ലറ്റിൽ ഇരുന്നതായും റിപ്പോർട്ടുണ്ട്. ടോയ്ലറ്റിൽ തിരിച്ചെത്തിയ ശേഷമാണ് ലോപ്പസ് തന്റെ സഹയാത്രികനെ അടിക്കുകയും ഇടിക്കുകയും പേന ഉപയോഗിച്ച് കണ്ണിൽ കുത്താൻ ശ്രമിക്കുകയും ചെയ്തത്.
സഹയാത്രികന്റെ ഭാര്യ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർക്കും മർദ്ദനമേറ്റു. ഇരയായ സഹയാത്രികന് പേന കൊണ്ട് ഗുരുതരപരിക്കേറ്റതായി വിമാത്തിലെ മറ്റ് യാത്രക്കാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എയർപോർട്ടിൽ വച്ച് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
തന്നെ അപകടത്തിൽപെടുത്താൻ മാഫിയ അംഗങ്ങൾ പിന്തുടരുന്നതായി തോന്നിയതിനാലാണ് ആസൂത്രണം ചെയ്ത് ആക്രമിച്ചതെന്ന് പ്രതി പാെലീസിനോട് പറഞ്ഞു. ഇരയെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും എന്നാൽ താൻ അയാളെ കൊല്ലാൻ നേരത്തെ തീരുമാനിച്ചതായും പ്രതി കൂട്ടിച്ചേർത്തു. വിമാനത്തിന് കയറുന്നതിന് മുൻപ് തന്നെ പേന ആയുധമായി ഉപയോഗിക്കാൻ ലോപ്പസ് ആലോചിച്ചതായും പൊലീസ് വ്യക്തമാക്കി.