'സത്യേട്ടൻ വളർത്തിയ കുട്ടിയാണ് അഭിലാഷ്'; മാറ്റി നിർത്തിയത് ക്രിമിനൽ സ്വഭാവം കാണിച്ചതോടെയെന്ന് ബ്രാഞ്ച് സെക്രട്ടറി

Friday 23 February 2024 9:06 AM IST

കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകം വ്യക്തമായ പ്ലാനിംഗ് നടത്തി ചെയ്തതാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഷീജ. കസ്റ്റഡിയിലുള്ള അഭിലാഷിന് സത്യനാഥനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നും ഷീജ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ല. അഭിലാഷിന് ഒറ്റയ്ക്ക് ഇത്രയും തിരക്കേറിയ സ്ഥലത്ത് വച്ച് കൊലപാതകം ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ക്ക് പിന്നില്‍ മറ്റ് ചിലരുണ്ടെന്നും ഷീജ പറഞ്ഞു.

'സത്യേട്ടൻ വളര്‍ത്തിയ കുട്ടിയാണ് അഭിലാഷ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പഠിച്ച് വളര്‍ന്നയാളാണ് അഭിലാഷ്. കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന സമയത്ത് സത്യനാഥന്റെ ഡ്രൈവറായിരുന്നു പ്രതി. എന്നാല്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ അഭിലാഷ് കാണിച്ച് തുടങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് വിവരങ്ങള്‍. വളരെ സൗമ്യനായ മനുഷ്യനാണ് സത്യനാഥന്‍. പ്രദേശത്ത് പാര്‍ട്ടിയെ ശക്തമായി വളര്‍ത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം.'- ഷീജ പറഞ്ഞു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ അഭിലാഷ് ആക്രമിക്കുയായിരുന്നു. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വ്യക്തി വിരോധം കാരണമാണ് സത്യനാഥനെ കൊലപ്പെടുത്തിയതെന്നും ഇതിന് പിന്നിൽ മറ്റാരുടെയും സഹായമില്ലായിരുന്നു എന്നുമാണ് അഭിലാഷ് പൊലീസിന് നൽകിയ മൊഴി.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സത്യനാഥന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.