കണ്ണൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഹർഷാദ് പിടിയിൽ; ഭാര്യയും കുഞ്ഞുമുള്ള പ്രതിക്ക് അഭയം നൽകിയത് ഭർതൃമതിയായ കാമുകി

Friday 23 February 2024 2:13 PM IST

കണ്ണൂർ: കണ്ണൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസിലെ പ്രതി നാൽപ്പത് ദിവസങ്ങൾക്ക് ശേഷം പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടി സി ഹർഷാദാണ് പിടിയിലായത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച ടാറ്റു കലാകാരിയായ കാമുകി അപ്സരയേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഭാരതിപുരത്തെ വീട്ടിൽവച്ചാണ് ഇരുവരെയും പിടികൂടിയത്.

ജയിൽ ചാടിയ ശേഷം ഹർഷാദ് നേരെ പോയത് ബംഗളൂരുവിലേക്കായിരുന്നു. പിന്നാലെ അപ്സരയും ബംഗളൂരുവിലെത്തി. ഇവർ ഒന്നിച്ച് ഡൽഹിയിലൊക്കെ താമസിച്ചിരുന്നു. നേപ്പാൾ അതിർത്തിയിലും എത്തി. പിന്നീട് തമിഴ്നാട്ടിലേക്ക് പോയി. തമിഴ്നാട്ടിലെത്തിയതിന് ശേഷം ഇരുവരും ഫോണോ എ ടി എമ്മോ ഉപയോഗിച്ചിരുന്നില്ല.

ഭാരതിപുരത്ത് വീട് വാടകയ്‌ക്കെടുത്ത് ഇരുവരും ഒന്നിച്ചുതാമസിക്കാൻ തുടങ്ങി. ആദ്യം സബ് കളക്ടറുടെ വീട് വാടകയ്‌ക്കെടുത്തായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് വേറൊരു വീട്ടിലേക്ക് മാറി. യുവതി മുമ്പ് തലശ്ശേരിയിൽ ഹർഷാദിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അവിടെവച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരും വിവാഹിതരാണ്. ഹർഷാദിനൊരു കുഞ്ഞുമുണ്ട്.

10 വർഷത്തെ കഠിന തടവ് അനുഭവിച്ചുവരികയായിരുന്നു ഹർഷാദ്. ഇതിനിടയിൽ കഴിഞ്ഞ മാസം പതിനാലിന് രാവിലെ പത്രമെടുക്കാൻ ജയിലിൽ നിന്ന് പുറത്തിറങ്ങി. കാത്തിരുന്ന സുഹൃത്ത് റിസ്വാനൊപ്പം രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിസ്വാനെ തിരിച്ചറിഞ്ഞത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി എവിടെയാണെന്നതിനെപ്പറ്റിയുള്ള നിർണായക വിവരം ലഭിച്ചത്. കവർച്ചയും കഞ്ചാവ് വിൽപ്പനയുമടക്കം 17 കേസുകളിൽ പ്രതിയാണ് ഹർഷാദ്.