പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം; അക്യുപംഗ്‌ചർ ചികിത്സ നടത്തിയയാൾ പിടിയിൽ

Friday 23 February 2024 2:35 PM IST

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയെ ചികിത്സിച്ചയാൾ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി ഷമീറ ബീവിയും (36) കുഞ്ഞുമാണ് മരിച്ചത്. ഷമീറയ്ക്ക് അക്യുപംഗ്‌‌ചർ ചികിത്സ നൽകിയ ഷിഹാബുദ്ദീനാണ് പൊലീസ് കസ്റ്റഡിയിലായത്. എറണാകുളത്തുനിന്ന് നേമം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

വെഞ്ഞാറമൂട്ടിലാണ് ഷിഹാബുദ്ദീന്റെ ചികിത്സാകേന്ദ്രം. അക്യുപംഗ്‌ചറിന്റെ മറവിൽ ഇയാൾ വ്യാജ ചികിത്സ നൽകുകയാണെന്ന് കഴിഞ്ഞ സെപ്‌തംബറിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോ‌ർട്ട് നൽകിയത്. എന്നാൽ ഇതിന്മേൽ പൊലീസും ആരോഗ്യവകുപ്പും തുടർനടപടി സ്വീകരിച്ചിരുന്നില്ല.

ഷമീറയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഭർത്താവ് പൂന്തുറ പള്ളിത്തെരുവിൽ നയാസ് (47) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഭാര്യയ്ക്ക് അക്യുപംഗ്‌ചർ ചികിത്സയാണ് നൽകിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവസമയത്ത് നയാസിന്റെ ആദ്യഭാര്യയും മകളുമാണ് ഷമീറയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ഈ മകൾ അക്യുപംഗ്‌‌ചർ ചികിത്സ പഠിക്കുന്നുണ്ടെന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടിയും ആരോഗ്യപ്രവർത്തകരും പറഞ്ഞത്. ചികിത്സ ലഭ്യമാക്കാത്തതിനെത്തുടർന്നാണ് ഷമീറയും കുഞ്ഞും മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി.