തെലങ്കാനയിൽ വനിതാ എം.എൽ.എ വാഹനാപകടത്തിൽ മരിച്ചു

Saturday 24 February 2024 2:20 AM IST

10 ദിവസം മുമ്പ് മറ്റൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു

ഹൈദരാബാദ്: വാഹനാപകടത്തിൽ തെലങ്കാനയിലെ വനിതാ എം.എൽ.എയ്ക്ക് ദാരുണാന്ത്യം. ഭാരതീയ രാഷ്ട്ര സമിതി (ബി.ആർ.എസ്) എം.എൽ.എ ലാസ്യ നന്ദിതയാണ് (37) മരിച്ചത്. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ അമിൻപൂർ മണ്ഡലിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച എസ്.യു.വി കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്. ബസാറയിൽ നിന്ന് ഗച്ചിബൗളിയിലേക്ക് പോവുകയായിരുന്നു ലാസ്യ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

കഴിഞ്ഞ 13ന് നർകാട്ട്പ്പള്ളിയിലുണ്ടായ ഒരപകടത്തിൽ നിന്ന് നിസാരപരിക്കുകളോടെ നന്ദിത രക്ഷപ്പെട്ടിരുന്നു. അന്ന് അവരുടെ ഹോംഗാർഡ് മരിച്ചു. അന്ന് മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാനായി നാൽഗൊണ്ഡയിലേക്ക് പോകും വഴിയായിരുന്നു അപകടം.

1986ൽ ഹൈദരാബാദിൽ ജനിച്ച നന്ദിത. പത്ത് വർഷം മുമ്പാണ് രാഷ്ട്രീയത്തിൽ എത്തിയത്. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പിൽ സെക്കന്തരാബാദ് കന്റോൺമെന്റിൽ നിന്ന് വിജയിച്ചു. അതിനു മുമ്പ് കവാദിഗുഡ വാർഡിലെ കോർപ്പറേറ്ററായിരുന്നു.

ബി.ആർ.എസ് നേതാവായിരുന്ന പിതാവ് കഴിഞ്ഞ വർഷം മരണപ്പെട്ടു. ഇതോടെ പിതാവിന്റെ മണ്ഡലത്തിൽ നിന്ന് വിജയിക്കുകയായിരുന്നു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുൾപ്പെടെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് പാർട്ടി അറിയിച്ചു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എക്സിൽ കുറിച്ചു. ലാസ്യ നന്ദിതയുടെ ആകസ്മിക മരണം ഞെട്ടിക്കുന്നതാണ്. നന്ദിതയുടെ പിതാവ് സ്വർഗീയ സയന്നയുമായി അടുത്ത ബന്ധമായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ അദ്ദേഹം അന്തരിച്ചു. ഇത് വളരെ സങ്കടകരമായ അവസ്ഥയാണ്. കുടുംബത്തെ അഗാധമായ ദുഃഖം അറിയിക്കുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. മരണം ഞെട്ടിച്ചെന്ന് ബി.ആർ.എസ് നേതാവ് കെ.കവിത പ്രതികരിച്ചു.

എം.എൽ.എയും സഹോദരി ലാസ്യ നന്ദിതയും വാഹനാപകടത്തിൽ മരിച്ചത് ഞെട്ടലുണ്ടാക്കി. പിതാവിന്റെ പാതയിൽ പൊതുപ്രവർത്തനത്തിൽ മുഴുകിയ ലാസ്യ നന്ദിതയുടെ ആകസ്മിക മരണം അങ്ങേയറ്റം ദുഃഖകരമാണ്. ലാസ്യ നന്ദിതയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. അനുശോചനം- കവിത എക്സിൽ കുറിച്ചു.

കഴിഞ്ഞയാഴ്ച നന്ദിതയുമായുള്ള കൂടിക്കാഴ്ചയെ അനുസ്മരിച്ച് ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു പറഞ്ഞു, “ഇത് ഒരാഴ്ച മുമ്പാണ്. ലാസ്യ ഇനിയില്ല എന്നത് ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്.''