മരണത്തിന് കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്, കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തി, സത്യനാഥന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പ്രതി
കോഴിക്കോട് : സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പ്രതി അഭിലാഷിന്റെ മൊഴി. തനിക്കെതിരെ നേരത്തെ നടന്ന പല അക്രമസംഭവങ്ങളും പാർട്ടി ചെറുത്തില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് സത്യനാഥനെ ആക്രമിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി.
കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്.
അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി.
മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്റെ ശരീരത്തിലുണ്ടായിരുന്നത്, കഴുത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ അഭിലാഷ് ആക്രമിക്കുകയായിരുന്നു. സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വ്യക്തി വിരോധം കാരണമാണ് സത്യനാഥനെ കൊലപ്പെടുത്തിയതെന്നും ഇതിന് പിന്നിൽ മറ്റാരുടെയും സഹായമില്ലായിരുന്നു എന്നുമാണ് അഭിലാഷ് പൊലീസിന് നൽകിയ മൊഴി. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേൾക്കാൻ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിനാളുകൾ ക്ഷേത്രപരിസരത്ത് നിൽക്കവെയായിരുന്നു കൊലപാതകം നടന്നത്. അയൽവാസിയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി മുൻ അംഗവുമാണ് പ്രതി അഭിലാഷ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് പറഞ്ഞു.