സ്വന്തം ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം, ബി ജെ പി നേതാവ് അറസ്റ്റിൽ
കൊൽക്കത്ത : സന്ദേശ്ഖാലിയിൽ പെൺവാണിഭ റാക്കറ്റ് നടത്തിയ കേസിൽ ബംഗാൾ ബി.ജെ.പി നേതാവ് സബ്യസാചി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് 11 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭ റാക്കറ്റ് നടത്തുന്നതിനിടെ സബ്യസാചി ഘോഷ് അറസ്റ്റിലായതായി തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു. ആറിരകളെ രക്ഷപ്പെടുത്തിയെന്നും ബി,ജെ.പി സ്ത്രീകളെയല്ല സംരക്ഷിക്കുന്നതെന്നും മറിച്ച് സ്ത്രീകളെ എത്തിച്ച് നൽകുന്നവരെയാണ് സംരക്ഷിക്കുന്നതെന്നും ടി.എം.സി ആരോപിച്ചു.
സന്ദേശ്ഖാലി വിഷയത്തിൽ സംസ്ഥാന സർക്കാരും ബി.ജെ.പിയും തമ്മിൽ പ്രശ്നം നടന്നുകൊണ്ടിരിക്കെയാണ് പുതിയ സംഭവം . സന്ദേശ്ഖാലി സന്ദർശിക്കുന്നതിൽ നിന്ന് ലോക്കറ്റ് ചാറ്റർജി , അഗ്നിമിത്ര പോൾ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലുള്ള ബി.ജെ.പി വനിതാപ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു. നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇവരെ തടഞ്ഞത്. തങ്ങൾക്ക് സന്ദേശ്ഖാലിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നും സംസ്ഥാന സർക്കാർ സത്യം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നുവെന്നും ബി.ജെ.പി മഹിളാമോർച്ച അദ്ധ്യക്ഷ അഗ്നിമിത്ര പോൾ കുറ്റപ്പെടുത്തി.
അതേസമയം സന്ദേശ്ഖാലിയിൽ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥലപരിശോധന നടത്തും. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ നിരവധി നേതാക്കൾക്കെതിരെ സ്ത്രീകൾ ലൈംഗിക ചൂഷണവും ഭൂമികൈയേറ്റവും ആരോപിച്ച് രംഗത്ത് വന്നിരുന്നു. പ്രദേശിക ജില്ലാ പരിഷത്ത് അംഗമായ ഷേയ്ഖ് ഷാജഹാനാണ് മുഖ്യപ്രതി. ഷേയ്ഖ് ഷാജഹാൻ ഒളിവിൽ പോയതിന് പിന്നാലെയാണ് ടി.എം.സി നേതാക്കൾക്കെതിരെ ആരോപണവുമായി സ്ത്രീകൾ രംഗത്തെത്തിയത്. ഷാജഹാന്റെ വീട്ടിലേക്ക് പോയ എൻഫോഴ്‌സ്മെന്റ് സംഘം ആക്രമിക്കപ്പെട്ടിരുന്നു.