നഗരത്തില്‍ അജ്ഞാതന്റെ ആക്രമണം, ആയുധം ഉപയോഗിച്ച് ഉപദ്രവം; രണ്ട് പേര്‍ക്ക് പരിക്ക്

Friday 23 February 2024 10:04 PM IST

കണ്ണൂര്‍: നഗര പരിധിയില്‍ രാത്രി സമയത്ത് അജ്ഞാതന്റെ ആക്രമണം. പഴയ ബസ് സ്റ്റാന്‍ഡില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അജ്ഞാതന്‍ കുത്തിപ്പരിക്കേല്‍പിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഗ്യാന്‍ദേവി(28)നാണ് ഗുരുതരമായി പരിക്കേറ്റത്.

ഇയാളുടെ സുഹൃത്ത് ശ്യാം ബാബുവിനും കത്തിക്കുത്തില്‍ തലയ്ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 10.45 ഓടെയായിരുന്നു ആക്രമണമുണ്ടായത്. പഴയ ബസ് സ്റ്റാന്‍ഡിലെ ടോയ്ലറ്റിന് സമീപം നില്‍ക്കുകയായിരുന്ന ഗ്യാന്‍ദേവിനും സുഹൃത്തിനും സമീപത്തെത്തിയ പ്രതി ആദ്യം ബിയര്‍ ബോട്ടില്‍ കൊണ്ട് കാലിന് അടിച്ചു.

തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് വയറിനും നടുവിനും കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയ്ക്ക് കത്തികൊണ്ട് പരിക്കേല്‍പിച്ചു. ഗ്യാന്‍ദേവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.