കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

Saturday 24 February 2024 1:18 AM IST

നിലമ്പൂർ: കഞ്ചാവ് കൈവശം വെച്ചതിന് നിലമ്പൂരിലെ രണ്ടിടങ്ങളിലായി രണ്ട് പേർ പിടിയിൽ. പരാതിയെ തുടർന്ന് നിലമ്പൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.വി.മുന്ദഘോഷും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ നിലമ്പൂർ മുതീരിപൊട്ടിപ്പാറ എടത്തടത്തിൽ വീട്ടിൽ ഇ.ടി.ജസീൽ (32) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തൊണ്ടികൾ സഹിതം കസ്റ്റഡിയിലെടുത്ത സംഘം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിലമ്പൂർ വല്ലപ്പുഴ ചാലിയിലെ തൊട്ടിയൻ വീട്ടിൽ ടി.ഫെബിൻ (30), രണ്ടാം പ്രതിയായ ഏനാന്തി വളനൊടി വിഷ്ണു എന്നിവർക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. രതീഷ് കേസെടുത്തു. കേസ് നടപടികൾക്കിടയിൽ വിഷ്ണു ഓടി രക്ഷപ്പെട്ടു. 33.5 ഗ്രാം ഉണക്ക കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഒന്നാം പ്രതിയായി ടി.ഫെബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതിയെയും തൊണ്ടികളും കേസ് രേഖകൾ തയ്യാറാക്കി തുടർ നടപടികൾക്കായി നിലമ്പൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. രണ്ട് പ്രതികൾക്കും സ്‌റ്റേഷൻ ജാമ്യം അനുവദിച്ചു. പ്രിവന്റീവ് ഓഫീസർ ഇ.ടി.ജയാനന്ദൻ, സി.ഇ.ഒമാരായ എബിൻ സണ്ണി, കെ.ആബിദ്, റിജു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.പി.സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർ പി.കെ.പ്രശാന്ത്, ഡ്രൈവർ മഹമൂദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.