ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവം അന്തർ സംസ്ഥാന തട്ടിപ്പ് സംഘത്തെ ഗുജറാത്തിൽ നിന്ന് പിടികൂടി

Saturday 24 February 2024 1:36 AM IST

മീനങ്ങാടി: ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്തർ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാല് പേരെ വയനാട് പൊലീസ് ഗുജറാത്തിൽ നിന്ന് അതി സാഹസികമായി പിടികൂടി. ഗുജറാത്ത്, അമറേലി സ്വദേശികളായ ഖേറാനി സമിർഭായ്(30), കൽവത്തർ മുഹമ്മദ് ഫരിജ്(20), അലി അജിത്ത് ഭായ്(43) എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയുമാണ് വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ബവസാരയിൽ വെച്ച് പിടികൂടിയത്. പൂതാടി, താഴെമുണ്ട ചിറക്കൊന്നത്ത് വീട്ടിൽ സി.എസ്. അജയരാജ്(44) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കൃത്യമായ അന്വേഷണത്തിലൊടുവിൽ പൊലീസ് കുറ്റവാളികളെ കണ്ടെത്തുന്നത്. ലോൺ ആപ്പിന്റെ കെണിയിൽപ്പെട്ട അജയ്രാജിന്റെ ഫോട്ടോ മോർഫ് ചെയ്ത് മോശമായി ചിത്രീകരിച്ച് കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതിനെ തുടർന്നുണ്ടായ മാനസികവിഷമത്തിലും നിരന്തര ഭീഷണിയെതുടർന്നുണ്ടായ ആത്മസംഘർഷത്തിലുമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പല പ്രതിസന്ധികളെയും തരണം ചെയ്ത് മാസങ്ങൾ നീണ്ട പോലീസിന്റെ പരിശ്രമമാണ് വിജയം കണ്ടത്. 2023 സെപ്തംബർ 15നാണ് അജയരാജ് കണിയാമ്പറ്റ, അരിമുള എസ്റ്റേറ്റിൽ ആത്മഹത്യ ചെയ്യുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം നടത്തിയ തുടരന്വേഷണത്തിൽ ലോൺ ആപ്പ് കെണിയിൽപ്പെട്ടാണ് അജയരാജ് ആത്മഹത്യ ചെയ്യാനിടയായതെന്ന് പൊലീസ് കണ്ടെത്തി. ഇദ്ദേഹം 'ക്യാൻഡിക്യാഷ്' എന്ന് ആപ്പ് ഡൗൺലോഡ് ചെയ്തതായി മൊബൈൽഫോൺ പരിശോധിച്ചതിൽ നിന്ന് മനസ്സിലാക്കിലാക്കിയ പോലീസ് വിദഗ്ധ അന്വേഷണത്തിനൊടുവിൽ ഈ ആപ്പിന്റെ ഉറവിടം കണ്ടെത്തുകയും ഗുജറാത്തിൽ പോയി കുറ്റവാളികളെ പിടികൂടുകയുമായിരുന്നു. മീനങ്ങാടി ഇൻസ്‌പെക്ടർ പി.ജെ. കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ എ.എം. പ്രവീൺ, ഫിറോസ്ഖാൻ, എം. ഉനൈസ്, എ.ടി. ബിജിത്ത്ലാൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement