62 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ അംഗീകരിച്ചു

Saturday 24 February 2024 12:00 AM IST

ഇടുക്കി: 2024- 25 സാമ്പത്തിക വർഷത്തേക്കുള്ള ജില്ലയിലെ 62 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. ജില്ലാ പ്ലാനിങ് ഓഫീസർ ദീപ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ആസൂത്രണ സമിതിയുടെ അഞ്ചാം ഘട്ടയോഗത്തിൽ കരുണാപുരം പഞ്ചായത്തിന്റെ പദ്ധതികൾ അംഗീകരിച്ചു. ആദ്യ നാല് യോഗങ്ങളിലായി ജില്ലയിലെ 61 തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരുന്നു. യോഗത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി, വാഴത്തോപ്പ്, ഇടവെട്ടി പഞ്ചായത്തുകളുടെ 2023- 24 വർഷത്തിലെ പദ്ധതികൾ ഭേദഗതി ചെയ്തു. ജില്ലാ ആസൂത്രണസമിതി അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.