എടവണ്ണപ്പാറയിലെ 17കാരിയുടെ മരണം കൊലപാതകം? നിർണായക വെളിപ്പെടുത്തലുമായി അദ്ധ്യാപകൻ; സംഭവസ്ഥലത്തുകണ്ട യുവാക്കളെ തിരിച്ചറിഞ്ഞു

Saturday 24 February 2024 6:59 AM IST

മലപ്പുറം: എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി അദ്ധ്യാപകൻ. കരാട്ടെ മാസ്റ്ററിൽ നിന്ന് പീഡനം നേരിട്ടതിനെത്തുടർന്ന് പെൺകുട്ടി കടുത്തമാനസിക പ്രയാസത്തിലായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് പരാതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായി അദ്ധ്യാപകൻ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

പരാതിയുമായി മുന്നോട്ടുപോകുമെന്ന് കഴിഞ്ഞ ആറാം തീയതി പെൺകുട്ടി വാട്സാപ്പിൽ മെസേജ് ചെയ്തിരുന്നു. ഇത്രയും ആത്മവിശ്വാസം പ്രകടിപ്പിച്ച വിദ്യാർത്ഥിനി ജീവനൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അദ്ധ്യാപകൻ സിദ്ധിഖ് അലി കരാട്ടെ ക്ലാസിനിടെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്ന് കഴിഞ്ഞ ദിവസം മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അദ്ധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

എട്ട് വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കി, അദ്ധ്യാപകനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് സിദ്ധിഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നായിരുന്നു മുൻ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ.

ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ആറിന് കാണാതായ കുട്ടിയെ രാത്രി എട്ടോടെ ചാലിയാർ പുഴയിൽ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല.

കഴിഞ്ഞദിവസം ചാലിയാർ മുട്ടുങ്ങൽ കടവിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് പെൺകുട്ടിയുടെ ചുരിദാർ ടോപ്പും ഷാളും കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടു പേരെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ചിലർ ഇവരുടെ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്കോടിച്ച് പോയെന്നായിരുന്നു അയൽവാസികൾ പറഞ്ഞത്. ഈ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് മരണവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.