ലോകത്തെ ഏറ്റവും വലിയ പാമ്പ് ഇതാ... അനാകോണ്ടകളിലെ രാക്ഷസൻ !
വെല്ലിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ പാമ്പ് ഏതാണെന്ന് ചോദിച്ചാൽ അനാകോണ്ട എന്നാണ് നമ്മുടെ ഉത്തരം. പരമാവധി 30 അടി വരെ നീളവും 250 കിലോഗ്രാം വരെ ഭാരവും വച്ചേക്കാവുന്ന ഗ്രീൻ അനാകോണ്ട സ്പീഷീസാണ് ലോകത്തെ ഏറ്റവും ഭാരമേറിയ പാമ്പിന്റെ റെക്കാഡ് വഹിക്കുന്നത്.
എന്നാൽ ഗ്രീൻ അനകോണ്ടകളേക്കാൾ കേമനായ ഒരു അനാകോണ്ട സ്പീഷീസിനെ തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകർ. ആമസോൺ മഴക്കാടിന്റെ ഹൃദയ ഭാഗത്ത് കണ്ടെത്തിയ 26 അടി നീളവും 200 കിലോയിലേറെ ഭാരവുമുള്ള പുതിയ സ്പീഷീസിന് ' നോർത്തേൺ ഗ്രീൻ അനാകോണ്ട ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇക്കൂട്ടരും ഗ്രീൻ അനാകോണ്ടകളാണെന്നാണ് നേരത്തെ കരുതിയിരുന്നത്. കാഴ്ചയിലും ഒരുപോലെ. എന്നാൽ, വിശദമായ ജനിതക പഠനത്തിലൂടെ അനാകോണ്ടകളുടെ കൂട്ടത്തിലെ തന്നെ വ്യത്യസ്ത സ്പീഷീസാണ് നോർത്തേൺ ഗ്രീൻ അനാകോണ്ട എന്ന് കണ്ടെത്തുകയായിരുന്നു.
നാഷണൽ ജ്യോഗ്രഫികിന്റെ ഒരു പര്യവേക്ഷണത്തിനിടെ വൈൽഡ്‌ലൈഫ് അവതാരകനായ പ്രൊഫസർ ഫ്രീക്ക് വോങ്കിന്റെ നേതൃത്വത്തിലെ ടീമാണ് അടുത്തിടെ ഇവയെ കണ്ടെത്തിയത്. വെള്ളത്തിനടിയിൽ ഈ ഭീമൻ പാമ്പിന് സമീപത്ത് കൂടി നീന്തുന്ന വോങ്കിന്റെ വീഡിയോ വൈറലാണ്. ഇവയുടെ തലയ്ക്ക് ഒരു മനുഷ്യത്തലയോളം വലിപ്പമുണ്ടത്രേ.
ഇവയ്ക്ക് വളരെ വേഗത്തിൽ ഇരകളെ പിടിക്കാനും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കാനുമാകും. ഏകദേശം 10 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഗ്രീൻ അനാകോണ്ടകളിൽ നിന്ന് വേർപിരിഞ്ഞുണ്ടായതാകാം ഇവയെന്ന് കരുതുന്നു. ഗ്രീൻ അനാകോണ്ടകളുമായി ജനിതകപരമായി 5.5 ശതമാനം വ്യത്യാസമാണുള്ളത്. ഇത് വളരെ വലിയ വ്യത്യാസമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപായ ട്രിനിഡാഡിലുമാണ് ഗ്രീൻ അനാകോണ്ടകളുള്ളത്. ആമസോൺ വനാന്തരങ്ങളാണ് ഇവയുടെ ഏറ്റവും പ്രശസ്തമായ വാസസ്ഥലം. നോർത്തേൺ ഗ്രീൻ അനാകോണ്ടകളും ഇവിടൊക്കെ തന്നെയുണ്ട്.
അതേ സമയം, അനാകോണ്ടയുടെയത്ര ഭാരമില്ലെങ്കിലും ഏറ്റവും നീളം കൂടിയ പാമ്പ് സ്പീഷീസ് റെറ്റിക്കുലേറ്റഡ് പൈത്തണാണ്. തെക്ക്, തെക്ക് - കിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഇവയ്ക്ക് പൊതുവെ 28 അടി വരെ നീളം വയ്ക്കുമെന്ന് കരുതുന്നു. 1912ൽ ഇൻഡോനേഷ്യയിലെ സുലവേസിയിൽ നിന്ന് കണ്ടെത്തിയ ഒന്നിന്റെ നീളം 32 അടി 9.5 ഇഞ്ചായിരുന്നു. 145 കിലോഗ്രാം വരെ ഭാരം കാണപ്പെടുന്നു.
നിലവിൽ ഭൂമിയിൽ മനുഷ്യരുടെ സംരക്ഷണത്തിൽ ജീവിക്കുന്ന ഏറ്റവും നീളവും കൂടിയ പാമ്പ് യു.എസിലെ മിസോറിയിൽ കാൻസാസ് സിറ്റിയിലുള്ള ഫുൾമൂൺ പ്രൊഡക്ഷൻസ് എന്ന കമ്പനി വളർത്തുന്ന ' മെഡൂസ ' എന്ന റെറ്റിക്കുലേറ്റഡ് പൈത്തൺ ആണ്. 25 അടി 2 ഇഞ്ചിലേറെ നീളവും 158.8 കിലോഗ്രാം ഭാരവുമുള്ള ഈ കൂറ്റൻ പെൺ പാമ്പിന് 19 വയസുണ്ട്.