സഹോദരിയുടെ നായ കുരച്ചതിൽ പ്രകോപിതനായി; പാറയിൽ അടിച്ചുകൊന്ന് യുവാവിന്റെ കൊടുംക്രൂരത

Saturday 24 February 2024 11:37 AM IST

ഇടുക്കി: കുരച്ചതിന്റെ പേരിൽ സഹോദരിയുടെ വളർത്തുനായയെ പാറയിൽ അടിച്ചുകൊന്ന് യുവാവ്. ഇടുക്കി നെടുങ്കണ്ടം സന്യാസിയോടയിലാണ് കൊടുംക്രൂരത നടന്നത്. അയൽവാസികൂടിയായ ബന്ധുവുമായുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തുന്നതിലേയ്ക്ക് നയിച്ചത്. സംഭവത്തിൽ സന്യാസിയോട സ്വദേശി കളപുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തു.

രാജേഷും സഹോദരിയുമായി കഴിഞ്ഞ കുറച്ചുനാളുകളായി സ്വത്തുതർക്കം നിലനിൽക്കുന്നുണ്ട്. ഇതേവിഷയത്തിൽ ഇന്നലെയും രാജേഷും സഹോദരിയുമായി വാക്കുതർക്കമുണ്ടായി. പ്രതി സഹോദരിയെയും വൃദ്ധമാതാവിനെയും മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ നായ ഉറക്കെ കുരച്ചതിൽ രാജേഷ് പ്രകോപിതനായി. പിന്നാലെ നായയെ പിടികൂടി തൊട്ടടുത്ത പാറയിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് രാജേഷ് അവിടെനിന്ന് പോയതിനുശേഷമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പൊലീസെത്തി വിശദാംശങ്ങൾ ചോദിച്ചറിയുകയും നായയുടെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. രാജേഷിനെ കസ്റ്റഡിയിലെടുത്തതിനുശേഷം ജാമ്യത്തിൽ വിട്ടു.