കെ സുധാകരന്റെ അസഭ്യം പറച്ചിൽ; വിഡി സതീശൻ രാജി ഭീഷണി മുഴക്കിയതായി സൂചന, ഇടപെട്ട് കെസി വേണുഗോപാൽ

Saturday 24 February 2024 3:13 PM IST

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ അസഭ്യം പറഞ്ഞ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ നടപടിയിൽ നീരസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന ഭീഷണിയും വിഡി സതീശൻ മുഴക്കിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പിന്നാലെ വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇടപെട്ടു.

നേതാക്കളുടെ പരസ്യമായ തർക്കം വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പ് ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്. എന്നാൽ വിഡി സതീശൻ രാജി ഭീഷണി മുഴക്കിയെന്നത് മാദ്ധ്യമസൃഷ്ടിയാണെന്നാണ് സുധാകരൻ പറയുന്നത്. വിഡി സതീശന് നീരസമുണ്ടായിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും സുധാകരൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സമരാഗ്‌നിയുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിലെത്താൻ വിഡി സതീശൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു. ഈ സമയത്ത് സുധാകൻ വിഡി സതീശനെ അസഭ്യം പറയുകയായിരുന്നു.