വിവാഹ വാഗ്ദാനം നൽകി 13 വർഷമായി പീഡനം; അടുത്ത ബന്ധുവായ യുവതിയുടെ പരാതിയിൽ നടൻ അറസ്റ്റിൽ

Saturday 24 February 2024 4:47 PM IST

റായ്‌പൂർ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ അറസ്റ്റിൽ. ചത്തീസ്‌‌‌ഗഡ് നടനും സംവിധായകനും നിർമാതാവുമായ മനോജ് രാജ്‌പുത് ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ബന്ധുവായ യുവതിയെ ഇയാൾ 13 വ‌ർഷമായി പീഡിപ്പിക്കുകയായിരുന്നു.

2011 മുതൽ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്ന് 29കാരി പരാതിയിൽ പറയുന്നു. ഫെബ്രുവരി 22നാണ് ഓൾഡ് ഭിലായി റെയിൽവേ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനത്തിൽ നിന്ന് രാജ്‌പുത് പിന്മാറിയതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതി പ്രായപൂർത്തിയാകുന്നതിന് മുൻപുതന്നെ പീഡനം നടത്തിയതിനാൽ നടനെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ദുർഗ് ജില്ലയിലെ സ്വന്തം ഓഫീസിൽ നിന്നാണ് രാജ്‌പുതിനെ പൊലീസ് പിടികൂടിയത്.

ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുൻപ് രാജ്‌പുത് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്കുമുൻപ് പുറത്തിറങ്ങിയ 'ഗാവോം കെ ഹീറോ സെഹർ കെ സീറോ' എന്ന സിനിമയിലൂടെയാണ് രാജ്‌പുത് അഭിനയം തുടങ്ങിയത്. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തും മനോജ് രാജ്‌പുത് സജീവമാണ്.