മുറുകുന്നത് മുക്കോണപ്പോര്

Sunday 25 February 2024 12:06 AM IST

ആന്ധ്രാപ്രദേശിൽ കോൺഗ്രസിന് ഇപ്പോൾ എം.പിയുമില്ല, എം.എൽ.എയുമില്ല. അഞ്ചു വ‌ർഷം മുമ്പ് വൈ.എസ്.ആറിന്റെ ഭാര്യയും മക്കളും ചേർന്ന് സംസ്ഥാനത്തെ കോൺഗ്രസിനെ കൊന്നു കുഴിച്ചുമൂടി! ഇപ്പോഴോ? വൈ.എസ്.ആറിന്റെ മകൾ വൈ.എസ്. ശർമ്മിള കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനിറങ്ങിയിരിക്കുന്നു. സ്വന്തം സഹോദരൻ ജഗൻമോഹൻ റെഡ്ഡിയുടെ രാഷ്ട്രീയക്കരുത്ത് ചോർത്തിയിട്ടു വേണം അത് നേടിയെടുക്കാൻ. 14 വർഷം മുൻപ് ഇറങ്ങിപ്പോന്ന പാർട്ടിയിൽ, തന്റെ 'വൈഎസ്ആർ തെലങ്കാന പാർട്ടി'യെ ശർമ്മിള ലയിപ്പിക്കുമ്പോൾ ആന്ധ്ര രാഷ്ട്രീയത്തിൽ അതിന്റെ കോളിളക്കങ്ങളുണ്ടാകുമെന്ന് ഉറപ്പ്.

ചന്ദ്രബാബു നായിഡുവും പവൻ കല്യാണും ചേർന്ന സഖ്യം ഒരു ഭാഗത്തും,​ ജഗൻമോഹന്റെ വൈ.എസ്.ആർ കോൺഗ്രസ് മറുഭാഗത്തുമായി നിൽക്കുന്ന ആന്ധ്ര മണ്ണിലാണ് ശർമ്മിളയ്ക്ക് കോൺഗ്രസിന്റെ തേരു തെളിക്കേണ്ടത്. തെലങ്കാന മോഡൽ പോരാട്ടമാണ് ശ‌ർമ്മിളയെ പാളയത്തിലെത്തിച്ചതിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യംവയ്ക്കുന്നത്. ലോക്‌സഭാ തിരഞ്ഞടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകൂടി നടക്കുന്ന ആന്ധ്രയിൽ രാഷ്ട്രീയം ഇപ്പോൾ വേറൊരു ലെവലിലാണ്. ചന്ദ്രബാബു നായിഡിവുന്റെ ടി.ഡി.പിക്കും പവൻ കല്യാണിന്റെ ജനസേനാ പാ‌ർട്ടിക്കുമൊപ്പം ബി.ജെ.പി കൂടി ചേർന്നാൽ ആന്ധ്രാ രാഷ്ട്രീയം നേരെ തിരിയും.

ടി.ഡി.പിയെ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാക്കണമെന്ന നി‌ർദ്ദേശം ജനസേനാ പാർട്ടി അദ്ധ്യക്ഷൻ പവൻകല്യാൺ ബി.ജെ.പി നേതൃത്വത്തിനു മുന്നിൽ വച്ചിട്ടുണ്ട്. ജനസേന നിലവിൽ എൻ.‌ഡി.എയുടെ ഭാഗമാണ്. 2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 175 സീറ്റിൽ 151 സീറ്റുകൾ നേടിയാണ് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയത്. 23 സീറ്റുകൾ ടി.ആർ.എസിനും ഒരു സീറ്റ് ജനസേനാ പാർട്ടിക്കും ലഭിച്ചു. കോൺഗ്രസിനെപ്പോലെ ബി.ജെ.പിയും സംപൂജ്യരായി.

25 ലോക്‌സഭാ മണ്ഡലങ്ങളിൽ വൈ.എസ്.ആർ.സി.പി 22, ടി.ഡി.പി 3. മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിക്കും പിന്നിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു കിട്ടിയ വോട്ട്. ശർമ്മിള പി.സി.സി പ്രസിഡന്റായ ശേഷം ചില മുതിർന്ന വെ.എസ്.ആർ.സി.പി നേതാക്കളെ കോൺഗ്രസ് ക്യാമ്പിലെത്തിച്ചിരുന്നു. എന്നാൽ മറുകണ്ടം ചാടിയവരിൽ മംഗളഗിരി എം.എൽ.എ രാമകൃഷ്ണ റെഡ്ഡി ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിച്ചാണ് ജഗൻ കണക്കു തീർത്തത്.

മാറുന്ന

കൂട്ടുകെട്ട്

ബി.ജെ.പിയുമായി കൂട്ടുകൂടിയപ്പോൾ നേട്ടമുണ്ടാക്കാനായി എന്ന കണക്കു കൂട്ടലിലാണ് ചന്ദ്രബാബു നായിഡു ഇപ്പോൾ. നായിഡു എൻ.ഡി.എയുടെ ഭാഗമായിരുന്നപ്പോൾ ബി.ജെ.പിക്ക് 2014ലെ തിരഞ്ഞെടുപ്പിൽ രണ്ട് എം.പിമാരെ ലഭിച്ചിരുന്നു. ഈ ബന്ധം ഉടനെ തന്നെ സംഭവിച്ചേക്കാം. കഴിഞ്ഞ തവണ സി.പി.എം, സി.പി.ഐ, ബി.എസ്.പി പാർട്ടികളുടെ മുന്നണി രൂപീകരിച്ചാണ് പവൻ കല്യാണിന്റെ ജനസേനാ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 5.53 ശതമാനം വോട്ടാണ് മുന്നണിക്ക് ആകെ കിട്ടിയത്. പിന്നീട് ജനസേന പാർട്ടി എൻ.ഡി.എയുടെ ഭാഗമായി.

പുതിയ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം സി.പി.ഐയും സി.പി.എമ്മും സീറ്റുകൾ പങ്കിടുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

മുതലെടുക്കുന്നത്

ആരാകും?

ഭരണത്തിന്റെ തുടക്കത്തിലുള്ള ഹീറോ പരിവേഷമൊന്നും ജഗൻ മോഹൻ റെഡ്ഡിക്കില്ല. പക്ഷെ എതിർചേരിയിൽ ആര് മുതലാക്കുമെന്നതാണ് പ്രശ്നം. ഈയിടെ ഈ നാട് പത്രം ഓഫിസിൽ വൈ.എസ്.ആർ. സി.പി പ്രവർത്തകർ നടത്തിയ അതിക്രമത്തിനു പിന്നിൽ ജഗൻ തന്നെയാണെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് നായിഡു എ.പി. സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ്. കഴിഞ്ഞ സെപ്തംബറിലാണ് ചന്ദ്ര ബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. സർക്കാർ സംവിധാനങ്ങളുപയോഗിച്ച് വൈ.എസ്.ആർ. സി.പി 14.48 ലക്ഷം പേരെ അനധികൃതമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതായി ബി.ജെ.പിയും ടി.ഡി.പിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. കമ്മിഷന്റെ അന്വേഷണത്തെ തുടർന്ന് 5.65 ലക്ഷം പേരെ നീക്കം ചെയ്തത് ജഗന് ക്ഷീണമായി.

ആന്ധ്രാ പ്രദേശ്

കക്ഷിനില

ലോക്‌‌സഭ

ആകെ സീറ്റ്: 25

2014: ടി.ഡി.പി 15,​ വൈ.എസ്.ആർ.സി.പി 08,​ ബി.ജെ.പി 02

2019: വൈ.എസ്.ആർ.സി.പി 22,​ ടി.ഡി.പി 03

നിയമസഭ

ആകെ സീറ്റ്: 175

2014: ടി.ഡി.പി 102,​ വൈ.എസ്.ആർ.സി.പി 67,​ ബി.ജെ.പി 04,​ മറ്റുള്ളവർ 02

2019: വൈ.എസ്.ആർ.സി.പി 151,​ ടി.ഡി.പി 23,​ ജനസേനാ പാർട്ടി 01

Advertisement
Advertisement