ഗഗൻയാൻ വിൻഡ് ടണൽ ഉദ്ഘാടനം 27ന് മോദി

Sunday 25 February 2024 4:47 AM IST

തിരുവനന്തപുരം: ഗഗൻയാൻ പദ്ധതിക്കായി നവീകരിച്ച ട്രൈസോണിക് വിൻഡ് ടണലിന്റെ ഉദ്ഘാടനം 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 2022ലാണ് വി.എസ്.എസ്.സിയിൽ വിൻഡ് ടണൽ സ്ഥാപിച്ചത്. അത് ഗഗൻയാൻപേടകവുമായി പറക്കുന്ന ജി.എസ്.എൽ.വിയുടെ പരീക്ഷണത്തിനായി കൂടുതൽ ശക്തിപ്പെടുത്തി. അതിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുക.

ബഹിരാകാശ പേടകങ്ങളുമായി പറക്കുന്ന വിക്ഷേപണ റോക്കറ്റുകളുടെ വേഗത, സമ്മർദ്ദത്തെ അതിജീവിക്കാനുള്ള ശേഷി, ഭാരവാഹകശേഷി തുടങ്ങി വിവിധ സാങ്കേതിക മേന്മകൾ വിലയിരുത്താനുള്ള സംവിധാനമാണിത്. കൂടാതെ ഗഗൻയാൻ പോലെ ഭൂമിയിലേക്ക് തിരിച്ചുവരുന്ന പേടകങ്ങളുടെ റീഎൻട്രി, എയ്റോ ഡൈനാമിക് രൂപകൽപനയുടെ കൃത്യത തുടങ്ങിയവയും ഇതിലൂടെ വിലയിരുത്താം.160മീറ്ററിലേറെ നീളമുള്ള തുരങ്കമാണ് വിൻഡ് ടണൽ.

ഗഗൻയാൻ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് വി.എസ്.എസ്.സിയിൽ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. മഹേന്ദ്രഗിരിയിൽ നിർമ്മിച്ച സെമി ക്രയോജനിക് എൻജിൻ ടെസ്റ്റിംഗ് സംവിധാനവും ശ്രീഹരിക്കോട്ടയിൽ നിർമ്മിച്ച മൂന്നാമത്തെ റോക്കറ്റ് ഇന്റഗ്രേഷൻ സെന്ററും വി.എസ്.എസ്.സിയിൽ വച്ച് ഓൺലൈനായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതെല്ലാം ഗഗൻയാൻ പദ്ധതിക്കായി നവീകരിച്ചതാണ്.

രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നേരെ വി.എസ്.എസ്.സിയിലെ പരിപാടിയിലാണ് പങ്കെടുക്കുക. അതിനു ശേഷം 11.30നാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുക. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരളപദയാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് സെൻട്രൽ സ്റ്റേഡിയത്തിൽ റാലി നടത്തുന്നത്. റാലിയിൽ അരലക്ഷത്തിലേറെ പ്രവർത്തകർ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.

Advertisement
Advertisement