കു​ഞ്ഞ​ന​ന്തന്റെ മരണത്തിൽ ദുരൂഹത,​  ​വി​ഷം​ ​കൊ​ടു​ത്തു കൊ​ന്ന​തെ​ന്ന് ​ കെ സു​ധാ​ക​രൻ

Saturday 24 February 2024 8:34 PM IST

ആലപ്പുഴ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ ആരോപണം.

കുഞ്ഞനന്തന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ആദ്യം ആക്ഷേപം ഉന്നയിച്ച് ലീഗ് നേതാവ് കെ.എം.ഷാജിയായിരുന്നു. തുടർന്നാണ് വിഷയം കോൺഗ്രസ് ഏറ്റെടുത്തത്. കുഞ്ഞനന്തൻ വിഷം ചേർന്ന ഭക്ഷണം കഴിച്ച ശേഷം മരിച്ചുവെന്നാണ് വിവരം. എന്നാൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്നാണ് ജനസംസാരമെന്ന് സുധാകരൻ പറഞ്ഞു. എല്ലാ തുറന്നുപറയേണ്ടിവരുമെന്ന് ഒരു പാർട്ടി കമ്മിറ്റിയിൽ പ്രസംഗിച്ച് ദിവസങ്ങൾക്കകമായിരുന്നു കുഞ്ഞനന്തന് ജീവഹാനി സംഭവിച്ചത്. സത്യാവസ്ഥ പുറത്തുവരണമെങ്കിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണം.

യു.ഡി.എഫ് കാലത്തെ അന്വേഷണത്തിലാണ് ടി.പി കേസ് പ്രതികൾക്കുള്ള സി.പി.എം പങ്ക് പുറത്തുവന്നത്. കൊയിലാണ്ടിയിലെ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടത്തണം. രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എല്ലാ കാലത്തും ആസൂത്രിത കൊലപാതകം നടത്തിയ പാർട്ടിയാണ് സി.പി.എം. കണ്ണൂരിൽ മാത്രം 78 പേരെ കൊന്നൊടുക്കിയിട്ടുണ്ട്. തന്നെ ആറ് തവണ തന്നെ കൊല്ലാൻ ശ്രമിച്ചു. ആയുസിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത്. കൊലക്കത്തി രാഷ്ട്രീയം സി.പി.എം ഉപേക്ഷിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു