5 ഇടങ്ങളിൽ കൈകോർത്ത് കോൺഗ്രസും ആം ആദ്‌മിയും

Sunday 25 February 2024 2:48 AM IST

 ഡൽഹി, ഗുജറാത്ത്, ഹരിയാന, ഗോവ, ചണ്ഡിഗർ  പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ അഞ്ച് ഇടങ്ങളിൽ ഒന്നിച്ച് കോൺഗ്രസും ആം ആദ്‌മിയും.

ഡൽഹി, ഗുജറാത്ത്, ഹരിയാന, ഗോവ, ചണ്ഡിഗർ എന്നിവിടങ്ങളിലാണ് ധാരണയായത്. ഡൽഹിയിൽ ഇരു പാർട്ടികളുടെയും സംയുക്ത പത്രസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. ഡൽഹിയിൽ ഏഴ് സീറ്റുകളിൽ നാലിടത്ത് ആം ആദ്‌മിയും മൂന്നിടത്ത് കോൺഗ്രസും മത്സരിക്കും. ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, കിഴക്കൻ ഡൽഹി മണ്ഡലങ്ങളിലാണ് ആം ആദ്‌മി. ചാന്ദ്‌നി ചൗക്ക്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ കോൺഗ്രസും. 2014 മുതൽ ബി.ജെ.പി നിലനിറുത്തുന്ന മണ്ഡലങ്ങളാണ് ഏഴും.

ഗുജറാത്തിൽ 26ൽ 24സീറ്റുകളിലും മത്സരിക്കുന്ന കോൺഗ്രസ് ബറൂച്ച്, ഭാവ്‌നഗർ സീറ്റുകൾ ആം ആദ്‌മിക്ക് വിട്ടുകൊടുക്കും. ഹരിയാനയിൽ കുരുക്ഷേത്ര മണ്ഡലം ആംആദ്‌മിക്കാണ്. ബാക്കി ഒമ്പതിടത്തും കോൺഗ്രസ് മത്സരിക്കും. ഗോവയിലെ രണ്ട് സീറ്റുകളും ചണ്ഡിഗറിലെ ഒരു സീറ്റിലും കോൺഗ്രസ് മത്സരിക്കും. ഇവിടെ ആം ആദ്‌മി വിട്ടുനിൽക്കും. അതേസമയം ഇരുപാർട്ടികളും പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കും. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റു ധാരണയ്‌ക്കു ശേഷമുള്ള പ്രഖ്യാപനം 'ഇന്ത്യ"മുന്നണിക്കും ആത്മവിശ്വാസം നൽകുന്നതാണ്.കോൺഗ്രസിന്റെ സീറ്റ് വിഭജന സമിതി അദ്ധ്യക്ഷൻ മുകുൾ വാസ്‌നിക്, ആംആദ്‌മി നേതാക്കളായ അതിഷി മർലേന, സൗരഭ് ഭരദ്വാജ് എന്നിവരാണ് ധാരണ പ്രഖ്യാപിച്ചത്.

നിരാശയിൽ പട്ടേൽ കുടുംബം

അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ഗുജറാത്തിലെ ബറൂച്ച് കോൺഗ്രസ് വിട്ടുകൊടുത്തത്. ഇവിടെ മത്സരിക്കാൻ താത്‌പര്യം പ്രകടിപ്പിച്ച പട്ടേലിന്റെ മകൾ മുംതാസ് നിരാശ പ്രകടിപ്പിച്ചു. എന്നാൽ പാരമ്പര്യം നിലനിറുത്താൻ കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്ന് അവർ പറഞ്ഞു. അതേസമയം കോൺഗ്രസ് പ്രവർത്തകർ ആം ആദ്‌മിക്ക് വോട്ടു ചെയ്യില്ലെന്ന് മുംതാസിന്റെ സഹോദരൻ ഫൈസൽ പ്രതികരിച്ചു.

പൊതുശത്രുവിനെതിരെ

പൊതു ശത്രുവായ ബി.ജെ.പിക്കെതിരെ പഴയ ശത്രുക്കളായ കോൺഗ്രസും ആംആദ്‌മിയും ഒന്നിക്കുന്ന കാഴ്‌ചയാണ് ഇത്തവണ ഡൽഹിയിൽ. 2013ൽ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്‌മി അധികാരത്തിലെത്തിയത് കോൺഗ്രസിന്റെ ഷീലാ ദീക്ഷിത് സർക്കാരിനെ മറിച്ചിട്ടാണ്. അന്നു മുതൽ നിയമസഭാ-ലോക്‌സഭാ-കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ നിലനിന്ന ശത്രുത അവസാനിപ്പിച്ചാണ് ഇരു പാർട്ടികളും ഒന്നിക്കുന്നത്. 2013ൽ അധികാരം നഷ്‌ടമായ കോൺഗ്രസിന് ഒരിക്കലും ഡൽഹിയിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആം ആദ്മിക്ക് 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഒരു ലോക്‌സഭാ സീറ്റിൽ പോലും ജയിക്കാനുമായില്ല.