ഏക സിവിൽ കോഡിന് മുന്നോടിയായി അസാമിൽ മുസ്ലിം വിവാഹ നിയമം റദ്ദാക്കി
ന്യൂഡൽഹി: ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്ന അസാമിലെ ബി.ജെ.പി സർക്കാർ 1935ലെ മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കി. മുസ്ലിം വിവാഹങ്ങൾ പ്രത്യേക വിവാഹ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുമെന്ന് സംസ്ഥാന മന്ത്രി ജയന്ത് ബല്ല ബറുവ അറിയിച്ചു.
നിയമം ബ്രിട്ടീഷ് കാലത്തുള്ളതാണെന്നും ശൈശവ വിവാഹം പ്രോത്‌സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭാ യോഗം റദ്ദാക്കിയത്. പഴയ നിയമപ്രകാരം 18 വയസിന് താഴെയുള്ള സ്‌ത്രീകൾക്കും 21 തികയാത്ത പുരുഷൻമാർക്കും വിവാഹിതരാകാമായിരുന്നു. കൂടാതെ വിവാഹങ്ങൾക്ക് രജിസ്ട്രേഷൻ നിബന്ധനയുമില്ലായിരുന്നു.
സംസ്ഥാനത്തെ 94 മുസ്ലിം വിവാഹ രജിസ്ട്രാർമാരുടെ കൈവശമുള്ള രജിസ്ട്രേഷൻ രേഖകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും. മുസ്ലിം വിവാഹ രജിസ്ട്രാർമാരുടെ പുനരധിവാസത്തിന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.
അടുത്തിടെ ഉത്തരാഖണ്ഡിൽ പാസാക്കിയ ഏകസിവിൽ കോഡ് സംസ്ഥാനത്തും നടപ്പാക്കുമെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ
ശർമ്മ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 28വരെ നീളുന്ന നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ബിൽ പാസാക്കാനിടയുണ്ട്.