യു.പിയിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് 15 മരണം

Sunday 25 February 2024 1:52 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ കാസ്ഗാഞ്ചിൽ ട്രാക്ടർ ട്രോളി കുളത്തിൽ വീണ് കുട്ടികളും സ്ത്രീകളുമുൾപ്പെടെ

15 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴ് പേർ കുട്ടികളാണ്. 20 പേർക്ക് പരിക്കേറ്റു. മാഘപൂർണിമ ആഘോഷത്തിന്റെ ഭാഗമായി ഗംഗയിൽ സ്നാനത്തിനായി പോകുകയായിരുന്ന തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വണ്ടിയിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്. കാറുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായതെന്ന് ട്രാക്ടർ ഡ്രൈവർ പറഞ്ഞു.

നിയന്ത്രണം വിട്ട് എട്ട് അടി താഴ്‌ചയിലുള്ള ചെളി നിറഞ്ഞ കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ദുഃഖം രേഖപ്പെടുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും

പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.