'നേ‌ർവഴി" അത്ര നേരെയല്ല പരാതിപ്പെടുന്നതിന് ധൈര്യം പകരാൻ പ്രചരണവുമായി എക്സൈസ്

Saturday 24 February 2024 9:43 PM IST

കണ്ണൂർ:സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആവിഷ്ക്കരിച്ച

നേ‌ർവഴി പ്രയോജനപ്പെടുന്നില്ല. ജില്ലയിൽ 800 വിദ്യാലയങ്ങളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ വിരലിലെണ്ണാവുന്ന പരാതികൾ മാത്രമാണ് ഇതുവഴി എക്സൈസിന് ലഭിച്ചിട്ടുള്ളു.

ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണ് ലഹരിവലയിൽ അകപ്പെടുന്ന കുട്ടികളെ തുടക്കത്തിൽ തന്നെ തിരുത്താൻഅദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ 'നേർവഴി' നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ അദ്ധ്യാപകർക്ക് എക്സൈസ് വകുപ്പുമായി പങ്കുവച്ച് പരിഹാരം കാണണം.കേസെടുക്കാതെ കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകി ലഹരി ഉപയോഗം തടയുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

അദ്ധ്യാപകർ അറിയും

കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും പെരുമാറ്റവൈകല്യവുമെല്ലാം ആദ്യം മനസ്സിലാക്കാൻ കഴിയുന്നത് അദ്ധ്യാപക‌ർക്കാണ്. ഇത് കണക്കിലെടുത്താണ് അദ്ധ്യാപകരെ പദ്ധതിയുടെ ഭാഗമാക്കിയത്.വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അദ്ധ്യാപകർക്ക് കോളിലൂടെയോ, വാട്സ്ആപ്പ് സന്ദേശമായോ വിദ്യാർത്ഥിയെ കുറിച്ചുള്ള വിവരങ്ങൾ എക്‌സൈസ് കമ്മിഷറേറ്റിൽ അറിയിക്കണം. വിവരങ്ങൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷറേറ്റിൽ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. നേർവഴി പദ്ധതി വിമുക്തി പദ്ധതിയുടെ ഭാഗമായതിനാൽഎക്‌സൈസ് കമ്മിഷറേറ്റിൽ ലഭിക്കുന്ന വിവരങ്ങൾ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാർക്കും കൈമാറാം.

ഡയൽ 9656178000

പരാതി കേൾക്കാൻ എക്‌സൈസ് കമ്മീഷണറേറ്റിൽ പ്രത്യേക നമ്പർ സജ്ജീകരിച്ചിട്ടുണ്ട് .ഈ മൊബൈൽ നമ്പർ അദ്ധ്യാപകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി സ്‌കൂൾ സ്റ്റാഫ് റൂമിൽ നമ്പർ പോസ്റ്റർ രൂപത്തിലാണ് പതിപ്പിച്ചിരിക്കുന്നത്.പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്താൻ എക്സൈസിന്റെ നേതൃത്വത്തിൽ ബസ്സുകളിലും ഇതെ പോസ്റ്റർ പതിച്ചിട്ടുണ്ട്. നേർവഴിയെ കുറിച്ചും ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പറിനെ കുറിച്ചും കൂടുതൽ വിദ്യാലയങ്ങളിൽ പ്രചരണം നടത്തുമെന്നാണ് ഇതുസംബന്ധിച്ച് എക്സൈസ് അധികൃത‌ർ

പറയുന്നത്.

ഒരു വർഷം, ആറ് പരാതി

പദ്ധതി ആരംഭിച്ച് ഒരു വർഷമായിട്ടും കണ്ണൂർ ജില്ലയിൽ നിന്ന് അഞ്ചോ ആറോ പരാതികൾ മാത്രമേ എത്തിയിട്ടുള്ളുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.പദ്ധതിയിലൂടെ സ്കൂളുകളിലെ കൗൺസിലർമാർ ഇടപെട്ട് പരിഹാരം കാണുന്നുണ്ട്.കഴിഞ്ഞ വർഷമാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കിയത്.ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ വിദഗ്ധ പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ കൗൺസിലിംഗ്, ബോധവത്ക്കരണം എന്നിവയും നടത്തുന്നുണ്ട്. അദ്ധ്യാപകർക്ക് പുറമേ രക്ഷിതാക്കൾക്കും നേർവഴിയെ വിവരങ്ങൾ ധരിപ്പിക്കാവുന്നതാണ്.പരാതി നൽകിയ ആളുടെ വിവരം രഹസ്യമായി വെക്കുമെന്ന സൗകര്യവും പദ്ധതിക്കുണ്ട്.

Advertisement
Advertisement