ആഡംബര കാറുകളിൽ ആന്ധ്രയിലേക്ക് സ്ഥിരം കറക്കം, പക്ഷേ അരുണിന്റെയും അഖിലിന്റെയും പരിപാടി ഇതായിരുന്നു
തൃശൂർ: ആന്ധ്രയിൽ നിന്ന് ആഡംബരകാറിൽ കൊണ്ടുവന്ന 3.75 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. തൃശൂർ പുത്തൂർ പെരിയ വീട്ടിൽ അരുൺ (30 ), കോലഴി കളപ്പുരക്കൽ അഖിൽ (29) എന്നിവരെയാണ് സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും പീച്ചി പൊലീസും കുതിരാനിൽ നിന്ന് അറസ്റ്റ് ചെയ്തത്.
പാലക്കാടും തൃശൂരിലും എറണാകുളത്തും വൻതോതിൽ ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങൾക്ക് മൊത്തമായി കഞ്ചാവും ഹാഷിഷ് ഓയിലും വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് അരുൺ. 78 കിലോഗ്രാം കഞ്ചാവും 3 കിലോഗ്രാം ഹാഷിഷ് ഓയിലും രണ്ട് ലക്ഷം രൂപയുടെ കറൻസിയും പിടിച്ചെടുത്തു.
ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ആന്ധ്രയിലെത്തി ദിവസങ്ങളോളം തങ്ങിയാണ് കഞ്ചാവ് ശേഖരിക്കുന്നത്. വിദ്യാർത്ഥികൾക്കും തൃശൂരിലെ ഓട്ടോ തൊഴിലാളികൾക്കുമാണ് കഞ്ചാവ് വിറ്റിരുന്നത്. മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ചിരുന്ന ഇന്നോവ, മാരുതി കാറുകളും കസ്റ്റഡിയിലെടുത്തു.നിരവധി ക്രിമിനൽകേസിലും മയക്കുമരുന്ന് കേസിലും പ്രതിയാണ് അരുൺകുമാർ. ആന്ധ്രയിൽ 60 കിലോഗ്രാം കഞ്ചാവ് കടത്തിയതിനും ഇടുക്കിയിൽ എട്ട് കിലോഗ്രാം കഞ്ചാവ് കടത്തിയതിനും കേസുണ്ട്. നെടുപുഴ, ഒല്ലൂർ എന്നീ സ്റ്റേഷനുകളിലെ കേസിലും പ്രതിയാണ്. അടുത്ത ബന്ധുവാണ് സഹായിയായ അഖിൽ. സാമ്പത്തിക സ്രോതസും കഞ്ചാവ് വിതരണം ചെയ്തവരെപ്പറ്റിയും കഞ്ചാവ് എടുത്ത് വിതരണം ചെയ്യുന്നവരെപ്പറ്റിയും അന്വേഷണം തുടരുകയാണ്.