ജില്ലയിലെ മണ്ഡലങ്ങളിൽ ഇടത് വ്യക്തം,​ വലത് തെളിയണം

Sunday 25 February 2024 12:57 AM IST

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാത്രം ബാക്കി നിൽക്കെ,​ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി അനൗപചാരിക പ്രചാരണം ആരംഭിച്ചു. മാവേലിക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെക്കുറിച്ച് ഏറക്കുറെ ധാരണയായെങ്കിലും, ആലപ്പുഴയിൽ ഇനിയും ചിത്രം വ്യക്തമായിട്ടില്ല. 27ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുംവരെ മുൻനിശ്ചയിച്ച പരിപാടികളിൽ എ.എം.ആരിഫ് എം.പി പങ്കെടുക്കും. തുടർന്ന് സമ്മേളനങ്ങൾക്ക് തുടക്കമാകും. റെയിൽവേയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ തിരുവനന്തപുരത്തായിരുന്നു ആരിഫ്. ജില്ലയിലെ നവകേരള സദസിന്റെ വേദികളിലടക്കം ആരിഫിന്റെ നേട്ടങ്ങൾ ഉയർത്തി കാണിക്കാൻ മന്ത്രിമാർ സമയം നീക്കിവച്ചിരുന്നു. അപ്പോൾ തന്നെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പായിരുന്നു. അഞ്ച് വർഷംകൊണ്ട് വ്യക്തിബന്ധങ്ങൾ ദൃഢമാക്കാൻ ആരിഫിന് സാധിച്ചുവെന്നതും ഗുണമായി പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞതവണ സംസ്ഥാനമാകെ പരാജയം രുചിച്ചപ്പോൾ ഏക ആശ്വാസം ആരിഫിന്റെ ഫലം മാത്രമായിരുന്നു. ട്രെൻഡിന് വിപരീതമായി വിജയിച്ചുകയറിയ ആരിഫിനെ താഴെയിറക്കാൻ കെ.സി.വേണുഗോപാൽ രംഗപ്രവേശം ചെയ്യുമോ എന്ന ആകംക്ഷയിലാണ് വോട്ടർമാർ. സമരാഗ്നി യാത്ര പൂർത്തിയാകുന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.

കൊടിക്കുന്നിൽ ഒരുമുഴം മുമ്പേ...

മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് കരുതുന്ന സിറ്റിംഗ് എം.പി കൊടിക്കുന്നിൽ സുരേഷിനായി പ്രവർത്തകർ ഒരു മുഴം മുമ്പേ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ചുവരെഴുത്തും സോഷ്യൽ മീഡിയ പോസ്റ്റർ പ്രചരണവും സജീവമാണ്. പുതുമുഖം അഡ്വ.സി.എ.അരുൺകുമാർ മാവേലിക്കരയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ ഇടത് പാളയത്തിലും പ്രചാരണചൂട് തുടങ്ങിയിട്ടുണ്ട്. മാവേലിക്കരയിൽ ഇടതുപക്ഷം അട്ടിമറി വിജയം നേടിയാൽ എം.പിയും എം.എൽ.എയും ഒരേ പേരുകാരാകുമെന്ന കൗതുകവുമുണ്ട്.

Advertisement
Advertisement