സമരാഗ്നി വേദിയിൽ കെ സുധാകരന് പകരം കെ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി,​ അമളി പറ്റിയതിന് പിന്നാലെ തിരുത്ത്

Saturday 24 February 2024 10:21 PM IST

പത്തനംതിട്ട : കോൺഗ്രസിന്റെ സമരാഗ്നി ജാഥയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന് പകരം കെ. സുരേന്ദ്രന് സ്വാഗതം പറഞ്ഞ് ആന്റോ ആന്റണി എം.പി. കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി നയിക്കുന്ന ജാഥയുടെ വേദിയിലാണ് ആന്റോ ആന്റണിക്ക് അമളി പറ്റിയത്.

സമരാഗ്നിയുടെ നായകൻ,​ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ബഹുമാന്യനായ കെ. സുരേന്ദ്രൻ അവർകളേ.. എന്നായിരുന്നു ആന്റോ ആന്റണി സ്വാഗതം പറ‌ഞ്ഞത്. പെട്ടെന്ന് തന്നെ അബദ്ധം മനസിലാക്കി വേദിയിലുള്ളവരെ തിരിഞ്ഞു നോക്കിയ ശേഷം കെ. സുധാകരൻ അവർകളേ എന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് എന്ന് കൃത്യമായി പറഞ്ഞെങ്കിലും പേര് പറഞ്ഞപ്പോൾ സുധാകരന് പകരം സുരേന്ദ്രൻ എന്ന് മാറിപ്പോവുകയായിരുന്നു.

ഇതിന് പിന്നാലെ സി.പി.എം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കോൺഗ്രസിനെതിരെ പരിഹാസ പോസ്റ്റുകൾ നിറഞ്ഞിരുന്നു.