പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസ്; രണ്ടാം പ്രതി റജീന ഇപ്പോഴും കാണാമറയത്ത്

Sunday 25 February 2024 9:38 AM IST

തിരുവനന്തപുരം: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിൽ രണ്ടാം പ്രതി റജീനയെ ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല. കാരയ്‌ക്കാമണ്ഡപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന ഷമീറയാണ് മരിച്ചത്. ഭർത്താവ് നയാസും അക്യുപങ്‌ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേർന്ന് പ്രസവ ചികിത്സ നൽകാതെ വീട്ടമ്മയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കേസ്.

ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ നിന്ന് നയാസിനെ ആദ്യ ഭാര്യ റജീന തടഞ്ഞുവെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പൂന്തുറയിലെ സ്വന്തം വീട്ടിൽ നിന്ന് റെജീന ഒളിവിൽ പോയി. പ്രതിയെ ഒളിവിൽ പാർപ്പിച്ച ചിലരെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ നയാസും ഷിഹാബുദ്ദീനും ഇപ്പോൾ റിമാൻഡിലാണ്.

ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് രക്തസ്രാവത്തെ തുടർന്ന് പാലക്കാട് സ്വദേശിയായ ഷമീറ മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശാവർക്കർമാർ ഉൾപ്പെടെ നിർദേശിച്ചിട്ടും നയാസ് സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ. ഇവർക്ക് മൂന്ന് മക്കളുണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. ആദ്യ ഭാര്യയും മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നേമം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.