ലോക്കോ പെെലറ്റില്ലാതെ ട്രെയിൻ ഓടിയത് ജമ്മുകാശ്മീർ മുതൽ പഞ്ചാബ് വരെ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്,​ വീഡിയോ

Sunday 25 February 2024 1:36 PM IST

ന്യൂഡൽഹി: ലോക്കോ പെെലറ്റില്ലാതെ കിലോമീറ്ററുകളോളം അതിവേഗത്തിൽ ട്രെയിൻ ഓടി. ജമ്മുകാശ്മീലെ കഠ്‌വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ലോക്കോ പെെലറ്റില്ലാതെ ഓടിയത്. ജമ്മു കാശ്മീരിലെ കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിമായി തനിയെ ഓടുകയായിരുന്നുവെന്നാണ് വിവരം.

പഠാൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർ‌ത്തിയിട്ടിരുന്ന ട്രെയിൻ മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ട് നീങ്ങുകയായിരുന്നു. മണിക്കൂറിൽ100 കിലോമീറ്റർ വരെ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്. തീവ്ര ശ്രമത്തിനിടെ പഞ്ചാബിലെ മുഖേരിയാന് സമീപം ഉച്ചി ബാസയിൽ വച്ചാണ് റെയിവേ അധികൃതർ ട്രെയിൻ തടഞ്ഞു നിർത്തിയത്. വൻ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. ട്രെയിൻ ലോക്കോ പെെലറ്റില്ലാതെ ഓടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ റെയിൽവേയ്ക്ക് എതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.