മോദിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത് വഴിത്തിരിവായി, സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന് ലോക്‌സഭാംഗം

Sunday 25 February 2024 7:02 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് ക്യാന്റീനില്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്ത എംപിമാരില്‍ ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ ബി.എസ്.പി എംപി റിതേഷ് പാണ്ഡെയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 42കാരനായ പാണ്ഡെ അംബേദ്കര്‍ നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. ഇദ്ദേഹത്തിന്റെ പിതാവ് രാകേഷ് പാണ്ഡെ യുപിയിലെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയാണ്.

ഇന്ത്യയുടെ വികസനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നാണ് റിതേഷ് പാണ്ഡെ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞത്. ബിഎസ്പിയില്‍ നിന്ന് രാജിവച്ചുകൊണ്ട് മായാവതിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് അദ്ദേഹം തന്റെ എക്‌സ് പേജില്‍ പങ്കുവച്ചിരുന്നു. തനിക്ക് അവസരം നല്‍കിയതിന് മായാവതിയോട് നന്ദിപറഞ്ഞ അദ്ദേഹം ഇപ്പോള്‍ ഒരു യോഗങ്ങളിലും തന്നെ പാര്‍ട്ടി ക്ഷണിക്കാറില്ലെന്നും വ്യക്തമാക്കി. തന്നെ പാര്‍ട്ടിക്ക് ഇനി ആവശ്യമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് തീരുമാനമെടുത്തതെന്നും കത്തില്‍ പറയുന്നു.

ജനങ്ങള്‍ തിരഞ്ഞെടുത്ത ശേഷം അവര്‍ക്ക് വേണ്ടി എന്തുചെയ്തുവെന്ന് ആലോചിക്കാനും പിരിഞ്ഞ് പോകുന്നവര്‍ തയ്യാറാകണം. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്കൊപ്പം നില്‍ക്കാതിരിക്കുന്നവര്‍ക്ക് സീറ്റ് നല്‍കാന്‍ ബിഎസ്പിക്ക് കഴിയില്ലെന്നാണ് റിതേഷ് പാണ്ഡെയുടെ കത്തിന് മായാവതി നല്‍കിയ മറുപടി. പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നുവെങ്കിലും പാണ്ഡെക്ക് ബിഎസ്പി സിറ്റിംഗ് സീറ്റ് നല്‍കുമായിരുന്നില്ലെന്നാണ് മായാവതിയുടെ പ്രതികരണത്തില്‍ നിന്ന് മനസ്സലാക്കാന്‍ കഴിയുന്നത്.

അതേസമയം ബിജെപി സംസ്ഥാന നേതൃത്വവുമായി റിതേഷ് പാണ്ഡെ കഴിഞ്ഞ ഏതാനം ആഴ്ചകളായി ചര്‍ച്ച നടത്തിവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ സിറ്റംഗ് മണ്ഡലമായ അംബേദ്കര്‍ നഗറില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാമെന്ന ഉറപ്പ് റിതേഷ് പാണ്ഡെക്ക് ബിജെപി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതെന്നും പറയപ്പെടുന്നു. അതേസമയം പ്രധാനമന്ത്രി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തതിന് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനെ കേരളത്തില്‍ ഇടതുപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.