ഇന്ത്യൻ സിനിമയ്ക്ക് ഒരു ലോക ഫ്രെയിം

Monday 26 February 2024 12:44 AM IST

ലോക സിനിമയുമായി ഇന്ത്യൻ സിനിമയെ അടുപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ചലച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു കുമാർ സാഹ്നി. സിനിമയുടെ സവിശേഷമായ വ്യാകരണം ഗ്രഹിച്ചിരുന്നതിനാൽ മറഞ്ഞുകിടക്കുന്ന പല കാര്യങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന ധർമ്മം സമർത്ഥമായി നിർവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നീണ്ട വർഷങ്ങൾ ഏതെങ്കിലും സംവിധായകനൊപ്പം നിന്ന് പഠിച്ച ശേഷം സിനിമയെടുക്കുകയെന്നതായിരുന്നു മുമ്പുണ്ടായിരുന്ന കീഴ്വഴക്കം. എന്നാൽ ആ സമ്പ്രദായത്തിൽ വിശ്വാസം കാട്ടാത്ത കലാകാരനായിരുന്നു സാഹ്നി.

ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിന്റെ പിൻബലവുമായാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. പഠനകാലത്ത് ലോക സിനിമയിലെ പല ക്ളാസിക്കുകൾ കാണാനും വേറിട്ട ആഖ്യാനരീതികൾ മനസിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. കഥപറച്ചിലിൽ പലവിധത്തിലുള്ള ലയറുകൾ (പാളികൾ)സന്നിവേശിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. മണികൗൾ അടക്കമുള്ളവരും ഇതേ മാർഗ്ഗത്തിൽ സഞ്ചരിച്ചവരാണ്. സംഗീതത്തെ ആവിഷ്കരിക്കുമ്പോൾ അഭിനേതാക്കളെ കേന്ദ്രീകരിച്ചുള്ള ദൃശ്യവത്കരണമായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. സിനിമയ്ക്ക് വേണ്ടി മാത്രം സംഗീതം ഉപയോഗപ്പെടുത്തുന്ന ശൈലിയും സ്വീകരിച്ചില്ല. പക്ഷെ കർണാട്ടിക് സംഗീതത്തിന്റെയും മറ്രും അനന്ത സാദ്ധ്യതകളെക്കുറിച്ച് അദ്ദേഹത്തിന് വലിയ അവബോധമുണ്ടായിരുന്നു. സിനിമയിൽ സംഗീതത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ തീർത്തും പുതിയതും വേറിട്ടതുമായ കാഴ്ചപ്പാടാണ് കുമാർ സാഹ്നി പുലർത്തിയിരുന്നത്.

അദ്ദേഹത്തിന്റെ ഒരു സിനിമ തന്നെ പലതവണ കാണുമ്പോൾ പല അനുഭവങ്ങളാണ് പ്രേക്ഷകർക്ക് ഉണ്ടാവുക. സിനിമ ചമയ്ക്കുന്നതിൽ ഉപയോഗിക്കുന്ന പാളികളുടെ പ്രേത്യകതയാണ് ഇതിന് കാരണം. പല അർത്ഥങ്ങളാവും ഓരോ പാളിയിലും ഒളിപ്പിച്ചു വയ്ക്കുക. ഇങ്ങനെയുള്ള സിനിമാ സാക്ഷാത്കാരത്തിന് അനുയോജ്യമായ വിഷയങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നതും. 'മായാ ദർപ്പൺ' പോലുള്ള ചിത്രങ്ങൾ അത്തരം മായക്കാഴ്ചകൾക്ക് ഉത്തമോദാഹരണമാണ്.

ഒരു ദൃശ്യം തന്നെ 30 സെക്കൻഡിൽ കാണുമ്പോഴും ഒരു മിനിട്ടിൽ കാണുമ്പോഴുമുള്ള ദൃശ്യാനുഭവം അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. യൂറോപ്യൻ സിനിമകളുടെയും അമേരിക്കൽ സിനിമകളുടെയും വ്യാഖ്യാനമല്ല, ഏഷ്യൻ സിനിമകൾക്ക് വേണ്ടതെന്ന കാഴ്ചപ്പാടും അദ്ദേഹം പുലർത്തി. ഒരു സിനിമയിലൂടെ കഥ പറയുക എന്നതിനേക്കാൾ അതിലെ മറ്റു സാദ്ധ്യതകളിലേക്ക് കൂടി എത്താനുള്ള അറിവുള്ള സംവിധായകർ സാഹ്നിയെപ്പോലെ അപൂർവ്വമായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ വലിയൊരു ഗോപുരമാക്കി മാറ്റാൻ അടിത്തറയുണ്ടാക്കിയ പ്രമുഖ ചലച്ചിത്രകാരന്മാരിൽ ഒരാളുമായിരുന്നു സാഹ്നി.

മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായത്. സർപ്പത്തെ വിഷയമാക്കിയുള്ള ഒരു വേറിട്ട ചിത്രം. സർപ്പവുമായി ബന്ധപ്പെട്ട് ദൈവികമായ ചില വിശ്വാസങ്ങൾ കേരളത്തിലുണ്ടല്ലോ. എന്നാൽ ഈ വിശ്വാസത്തിനപ്പുറം സർപ്പങ്ങളുടെ ചലനവേഗതയും ജീവിതരീതിയുമായി ബന്ധപ്പെട്ട അറിവുകളും കോർത്തിണക്കിയുള്ള സിനിമയായിരുന്നു അദ്ദേഹത്തിന്റെ മനസിൽ. പക്ഷെ ആ മോഹം സഫലമാവാതെ പോയി. ഇന്ത്യൻ സിനിമയ്ക്ക് ഉദാത്തമായ സംഭാവന നൽകിയാണ് കുമാർ സാഹ്നിയുടെ വിടവാങ്ങൽ. അതുകൊണ്ട് തന്നെ ആ വിടപറച്ചിൽ വലിയ നഷ്ടവും.

Advertisement
Advertisement