കുമാർ സാഹ്നി അന്തരിച്ചു

Monday 26 February 2024 12:00 AM IST

കൊൽക്കത്ത: പ്രശസ്ത ചലച്ചിത്ര സംവിധായകൻ കുമാർ സാഹ്നി ( 83 ) അന്തരിച്ചു. ശനിയാഴ്ച രാത്രി 11ഓടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നലെ നടന്നു. മായ ദർപ്പൺ, തരംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അദ്ദേഹം ഇന്ത്യൻ സമാന്തര സിനിമാ ലോകത്തെ മാർഗ്ഗദർശികളിൽ ഒരാളാണ്. പസോളിനി, തർകോവ്സ്കി തുടങ്ങിയ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള സംവിധാന ശൈലി സാഹ്നിയെ ഇന്ത്യൻ സിനിമയിൽ വ്യത്യസ്തനാക്കി. എഴുത്തുകാരൻ,​ അദ്ധ്യാപകൻ എന്നീ നിലകളിലും ശ്രദ്ധനേടി.

1940 ഡിസംബർ ഏഴിന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലർകാനയിലാണ് ജനനം. വിഭജനകാലത്ത് അദ്ദേഹത്തിന്റെ കുടുംബം ബോംബയിലേക്ക് കുടിയേറി. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ പഠിച്ച അദ്ദേഹം വിഖ്യാത സംവിധായകൻ റിത്വിക് ഘട്ടക്കിന്റെ പ്രിയ ശിക്ഷ്യരിൽ ഒരാളാണ്.

വിഖ്യാത ഫ്രഞ്ച് സംവിധായകൻ റോബർട്ട് ബ്രെസണിന്റെ ' ഉനെ ഫെം ഡോസ് ' ( 1969 )​ എന്ന ചിത്രത്തിൽ സഹായിയായി പ്രവർത്തിച്ചു. നിർമ്മൽ വർമ്മയുടെ നോവലിനെ ആസ്പദമാക്കി സാഹ്നി സംവിധാനം ചെയ്ത മായ ദർപ്പൺ ( 1972 ) മികച്ച ഹിന്ദി ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.അമോൽ പലേക്കറും സ്മിത പാട്ടീലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച

തരംഗ് ( 1984 ) ദേശീയ പുരസ്കാരത്തിൽ പ്രത്യേക ജൂറി അവാർഡ് നേടി. മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങൾ നേടിയ അദ്ദേഹം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലും ശ്രദ്ധനേടി.ഖായൽ ഗാഥ, കസ്ബ, ചാർ അദ്ധ്യായ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് സാഹ്നിയുടെ കുടുംബം.

വിവാദം

2019ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. അന്ന് അവാർഡ് പ്രഖ്യാപന വേളയിൽ അദ്ദേഹം ഇറങ്ങിപ്പോയത് വിവാദമായിരുന്നു. മികച്ച ചിത്രത്തിന്റെ സംവിധായകന് മികച്ച സംവിധായകനുള്ള അവാർഡും നൽകണമെന്ന സാഹ്നിയുടെ വാദം ജൂറിയിലെ ഭൂരിപക്ഷം അംഗങ്ങൾ അംഗീകരിക്കാതിരുന്നതാണ് വിവാദത്തിനിടയാക്കിയത്.ഷെറീഫ് ഈസ സംവിധാനം ചെയ്ത കാന്തൻ ദ ലവർ ഓഫ് കളറായിരുന്നു അന്ന് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ശ്യാമപ്രസാദിനായിരുന്നു സംവിധായകനുള്ള അവാർഡ്.

Advertisement
Advertisement