മാലപൊട്ടിക്കാൻ മാരിയും മീനാക്ഷിയുമെത്തി, നിമിഷം നേരം കൊണ്ട് പിടികൂടി പൊലീസ്

Monday 26 February 2024 3:39 AM IST

തിരുവനന്തപുരം: സ്ഥിരം മാലമോഷ്ടാക്കളായ മീനാക്ഷിയും മാരിയും ഇത്തവണയും പൊങ്കാലയ്ക്കെത്തിയെങ്കിലും ഇത്തവണ പിടിവീണു.

ആറ്റുകാൽ പൊങ്കാലയിടാനെത്തിയ ഭക്തയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ചെടുത്ത ഇവരെ നിമിഷങ്ങൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി അണ്ണാനഗർ ഡോർ 23ൽ മീനാക്ഷി (34), മാരി (33) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പൊങ്കാലയിട്ട ശേഷം ജയലക്ഷ്മി ടെക്സ്റ്റയിൽസിൽ നിന്നും വിതരണം ചെയ്ത സഞ്ചി വാങ്ങാനായി നിന്ന പട്ടം സ്വദേശി ശ്യാമള (70) യുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. തുടർന്ന് ശ്യാമള പൊലീസിനോട് പരാതി പറഞ്ഞതോടെ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി പ്രതികളെ കണ്ടു. ഉടൻ ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് മാല കണ്ടെത്തിയത്. ഇവർ മാല മോഷണ കേസിലെ സ്ഥിരം പ്രതികളാണ്. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു. സി.ഐ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

മാല മോഷണ സംഘത്തിന്റെ ഫോട്ടോയുൾപ്പെടെ സിറ്റി പൊലീസ് ഫ്ളക്സ് ബോർഡുകളായി പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചിരുന്നു.