കർഷകന്റെ പോസ്റ്റ്മോർട്ടത്തിൽ അനിശ്ചിതത്വം

Monday 26 February 2024 12:23 AM IST

ന്യൂഡൽഹി : ഡൽഹി ചലോ പ്രക്ഷോഭത്തിനിടെ കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിംഗിന്റെ (23) പോസ്റ്റ്മോർട്ടത്തിൽ അനിശ്ചിതത്വം തുടരുന്നു. കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ് കർഷക സംഘടനകൾ. പട്യാല രജീന്ദ്ര ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ മുഴുവൻസമയ കാവലിലാണ് കർഷകർ. ഹരിയാന - പഞ്ചാബ് അതിർത്തികളിൽ ആയിരകണക്കിന് കർഷകർ ട്രാക്ടറുകളിലും ട്രോളികളിലും തുടരുകയാണ്. ഡൽഹിക്കുള്ള യാത്ര താത്കാലികമായി നിറുത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ സിംഗു, തിക്രി മേഖലകൾ ഭാഗികമായി തുറന്നു. ഹരിയാനയിലെ ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. രാജ്യത്തെ ദേശീയപാതകളിൽ ഇന്ന് ട്രാക്ടർ പരേഡ് നടത്താനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കർഷകവിരുദ്ധ നിലപാടുകളിൽ നിന്ന് ലോക വ്യാപാര സംഘടനയെ തടയണമെന്നാണ് ആവശ്യം.

Advertisement
Advertisement