ആന്ധ്രയിൽ കോൺഗ്രസിന്റെ കരംപിടിച്ച് ഇടതു പാർട്ടികൾ
അമരാവതി: ആന്ധ്രപ്രദേശിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം ചേർന്ന് ഇടതുപാർട്ടികളും മത്സരിക്കും. ഇന്ന് അനന്ത്പൂരിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്ന പൊതുയോഗത്തിലേക്ക് പി.സി.സി പ്രസിഡന്റ് വൈ.എസ്. ശർമ്മിള ഇടതുപാർട്ടി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകൾ വൈകാതെ ആരംഭിക്കും.
തെലുങ്ക് ദേശം പാർട്ടിയും വൈ.എസ്.ആർ കോൺഗ്രസുംജനങ്ങളെവഞ്ചിച്ചുവെന്നും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ പ്രീണിപ്പിക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നതെന്നും ശർമ്മിള നേരത്തെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ആന്ധ്ര രത്നഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ സി.പി.ഐ, സി.പി.എം നേതാക്കൾ പങ്കെടുത്തിരുന്നു.
അതിനിടെ, ടി.ഡി.പി-ജനസേനാ സഖ്യം നിയമസഭയിലേക്ക് 118 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 94 സീറ്റുകൾ ടി.ഡി.പിക്കും 24 സീറ്റുകൾ ജനസേനയ്ക്കുമാണ്. 175 സീറ്റുകളാണ് ആകെയുള്ളത് ബാക്കി 57 സീറ്റുകൾ ബി.ജെ.പിക്കായി മാറ്രി വച്ചിരിക്കുകയാണ്. സഖ്യം സംബന്ധിച്ച് അന്തിമതീരുമാനം ഉടനെ ഉണ്ടാകും. ലോക്‌സഭയിൽ 25 സീറ്റുകളാണുള്ളത്.