കാലാവസ്ഥ മാറുന്നു, ജപ്പാനിൽ ചെറി വസന്തമെത്തി
ടോക്കിയോ : ജപ്പാനിലെ ഏറ്റവും മനോഹരമായ സീസണാണ് പിങ്ക് നിറത്തിന്റെ പൂക്കൾ തിരശ്ശീലകൾ തീർക്കുന്ന ചെറി ബ്ലോസം സീസൺ. കണ്ണഞ്ചിപ്പിക്കുന്ന ചെറി പൂക്കൾ കൂട്ടത്തോടെ പൂക്കുന്ന ഈ വർഷത്തെ ചെറി ബ്ലോസം സീസൺ ജപ്പാനിൽ നേരത്തെ എത്തിയിരിക്കുകയാണ്. പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ചെറി പൂക്കൾ വിടരുന്നത് കാണാൻ ജപ്പാനിലേക്ക് ഒഴുകിയെത്തുന്നത്. അതേ സമയം, സീസൺ ഇത്തവണ നേരത്തെ എത്തിയത് ആശങ്കയോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. സാധാരണ മാർച്ചിൽ സാവധാനത്തിൽ മൊട്ടിട്ട് തുടങ്ങുന്ന പൂക്കൾ ഏപ്രിൽ മദ്ധ്യത്തോടെ പാരമ്യത്തിലെത്തും. ക്യോട്ടോ അടക്കമുള്ള മേഖലകളിലാണ് ചെറി ബ്ലോസം ഏറ്റവും കൂടുതൽ കാണാനാവുക. പിങ്ക് നിറത്തിലെ ജലച്ഛായം കൊണ്ട് ചിത്രം വരച്ച പോലുള്ള ജാപ്പനീസ് പ്രകൃതി കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. പാർക്കുകളിൽ വിവിധ ഫെസ്റ്റിവലുകളും ഇക്കാലയളവിൽ നടക്കാറുണ്ട്. അതേ സമയം, പൊതുവെ വരണ്ട ശൈത്യത്തിലൂടെയാണ് ഇത്തവണ ജപ്പാൻ കടന്നുപോയത്. വേനൽക്കാലത്ത് ചൂട് ഗണ്യമായി ഉയരുന്നുണ്ട്. കാലാവസ്ഥയിൽ വന്ന ഈ മാറ്റങ്ങളാണ് പൂക്കളുടെ സീസണെയും സ്വാധീനിച്ചിരിക്കുന്നത്. ഫെബ്രുവരി പകുതിയോടെ തന്നെ കവാസു നഗരം ചെറിപ്പൂക്കളാൽ നിറഞ്ഞുകഴിഞ്ഞു. നേരത്തെ തന്നെ പൂക്കൾ കൊഴിഞ്ഞു തുടങ്ങിയേക്കുമെന്നും ആശങ്കയുണ്ട്.