'മഞ്ഞുമ്മൽ ബോയ്സ് ജസ്റ്റ് വൗ'; ചിത്രം കണ്ട ശേഷം പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍

Monday 26 February 2024 8:42 AM IST

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്' നിറഞ്ഞ സദസിൽ തീയേറ്ററുകളിൽ മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം കണ്ട എല്ലാവരും പറയുന്നത്. ചിത്രം മൂന്ന് ദിവസത്തിനുള്ളിൽ 26 കോടി രൂപയിലധികം നേടിയിരുന്നു.

13പേരെ മരണത്തിലേക്ക് വലിച്ചടുപ്പിച്ച ഗുണ കേവിൽ നിന്ന് തന്റെ സുഹൃത്തായ ശശീന്ദ്രന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കയറിവന്ന സുഭാഷിന്റെ കഥയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന സിനിമയായി നമ്മുടെ മുന്നിലേക്ക് എത്തിയത്. മഞ്ഞുമ്മല്‍ ബോയ്സിലെ ഗുണ കേവിനെയും ഡെവിൾസ് കിച്ചനെയും ആ വീര നായകൻമാരെയുമെല്ലാം ഈ ചിത്രത്തിൽ നമുക്ക് കാണാം.

കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും മഞ്ഞുമ്മൽ ബോയ്‌സിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ചെന്നെെ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഷോയുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍. തന്റെ എക്സ് പേജിലൂടെയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്.

'മഞ്ഞുമ്മൽ ബോയ്സ് ചിത്രം കണ്ടു. ജസ്റ്റ് വൗ, ഒരിക്കലും മിസ്റ്റ് ചെയ്യരുത്. ചിത്രത്തിലെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ' - ഉദയനിധി സ്റ്റാലിന്‍ കുറിച്ചു.