ഗ്യാൻവാപി പള്ളിയിൽ പൂജകൾ തുടരാം; മസ്‌ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി ഹൈക്കോടതി

Monday 26 February 2024 11:03 AM IST

ലക്‌നൗ: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതപ്രകാരമുള്ള പൂജകൾ ചെയ്യാൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ ഹ‌ർജി അലഹബാദ് ഹൈക്കോടതി തള്ളി. മസ്‌ജിദിലെ ദക്ഷിണമേഖലയിലെ സെല്ലാറിനുള്ളിൽ ഹിന്ദുപുരോഹിതന് പൂജകൾ അർപ്പിക്കാമെന്ന് വാരാണസി ജില്ലാക്കോടതി ജനുവരി 31നാണ് ഉത്തരവിട്ടത്. ഇതുതുടരാമെന്ന് പള്ളിക്കമ്മിറ്റിയുടെ ഹ‌ർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.


1993വരെ തന്റെ അമ്മയുടെ മുത്തച്ഛനായ സോമനാഥ് വ്യാസ് നിലവറയിൽ പൂജ നടത്തിയിരുന്നുവെന്ന് കാട്ടി ശൈലേന്ദ്ര കുമാർ പഥക് വ്യാസ് സമർപ്പിച്ചിരുന്ന ഹർജിയിലായിരുന്നു വാരാണസി കോടതിയുടെ ഉത്തരവ്. പിന്നാലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ 'വ്യാസ് കാ തെഹ്ഖാന' നിലവറയിൽ പൂജ ആരംഭിക്കുകയും ചെയ്തു. മസ്ജിദ് സമുച്ചയത്തിലെ ബേസ്‌മെന്റിൽ നാല് തെഹ്ഖാനകളുണ്ട് (നിലവറ). അതിൽ തെക്കു ഭാഗത്താണ് 'വ്യാസ് കാ തെഹ്ഖാന'.

വാരാണസി ജില്ലാക്കോടതി നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു മസ്ജിദ് കമ്മിറ്റി. 1993വരെ നിലവറയിൽ പൂജ നടന്നതിന് ഹർജിക്കാരൻ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ വാദം.

ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോർട്ട് പരസ്യമാക്കിയതിന് പിന്നാലെയാണ് വാരാണസി ജില്ലാ കോടതി ഹിന്ദുമത പ്രകാരമുള്ള പൂജ നടത്താൻ ഉത്തരവിട്ടത്. ഔറംഗസീബിന്റെ ഭരണകാലത്ത് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് പള്ളി പണിതതെന്നായിരുന്നു എഎസ്ഐ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടത്. എന്നാൽ റിപ്പോർട്ട് തള്ളിയ മസ്ജിദ് കമ്മിറ്റി, നിലവറയിൽ വിഗ്രഹങ്ങളൊന്നും നിലവിലില്ലെന്നും അതിനാൽ 1993വരെ അവിടെ പ്രാർഥന നടത്തിയിരുന്നില്ലെന്നും വാദിച്ചു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായിരുന്നില്ല. ഇതിനുശേഷമായിരുന്നു ഹൈക്കോടതിയിൽ ഹ‌ർജി നൽകിയത്.

Advertisement
Advertisement