ഒരവസരം കിട്ടിയെന്ന് കരുതി എന്തും പറയാമെന്നാണോ? ക്ഷണിക്കപ്പെട്ട ചടങ്ങിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയെ ശകാരിച്ച് മുഖ്യമന്ത്രി

Monday 26 February 2024 12:45 PM IST

തൃശൂർ: നവകേരള സദസുകളുടെ തുടർച്ചയായി കലാ - സാംസ്‌കാരിക പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടിയിൽ ആവശ്യങ്ങൾ നിരത്തി പ്രമുഖർ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം തുടങ്ങിയ മുഖാമുഖത്തിൽ മാദ്ധ്യമപ്രവർത്തകരെ ഒഴിവാക്കിയിരുന്നു. സ്വകാര്യ ചടങ്ങാണെന്നും മാദ്ധ്യമപ്രവർത്തകർ പുറത്തുപോകണമെന്നും അവതാരകനായ സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളും സ്മാരകങ്ങളും സജീവമായ സാംസ്‌കാരിക സംവാദത്തിന്റെ ഇടമാകണമെന്ന് കവിയും സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ പറഞ്ഞു. ഇവ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കണം. തൃശൂരിൽ സംഘടിപ്പിച്ച സാർവദേശീയ സാഹിത്യോത്സവം വരുംവർഷങ്ങളിൽ വിപുലമാക്കാൻ സാമ്പത്തിക സഹായം ലഭ്യമാക്കണം. ചില കേന്ദ്രങ്ങളുടെ നടത്തിപ്പിലുള്ള കുറവുകൾ സാംസ്‌കാരിക വകുപ്പുമായി കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ഷിബു ചക്രവർത്തിയ‌്ക്ക് ശകാരം

സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 'കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 10 വർഷമായി തുടങ്ങിയിട്ട്. കുട്ടികളാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമാണിത്. പക്ഷേ ഇത് ഓടുന്നില്ലല്ലോ"എന്നാണ് ഷിബു ചക്രവർത്തി ചോദിച്ചത്.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് തെറ്റായി പറയരുതെന്ന് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. അന്താരാഷ്ട്ര ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയ തലത്തിലേക്കെങ്കിലും ഉയർത്തിക്കൂടേ എന്ന് ഷിബു ചക്രവർത്തി ചോദ്യം ഉന്നയിച്ചു. ഇതേ തുടർന്ന് അഭിപ്രായം പറയാൻ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമർശിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കലാമൂല്യമുള്ള ചിത്രങ്ങൾക്ക് പ്രൈം ടൈം വേണം

കലാമൂല്യമുള്ള സിനിമകൾ സംസ്ഥാന സർക്കാരിന്റെ അധീനതയിൽ വരുന്ന തിയേറ്ററുകളിൽ പ്രൈം ടൈമുകളിൽ പ്രദർശിപ്പിക്കണമെന്ന് നടൻ ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. ഇത്തരം സിനിമകൾ പലതും കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്നവയാണ്. സിനിമ തിയേറ്ററിൽ കാണുമ്പോഴേ ആസ്വാദനം പൂർണമാവൂ. കലാമൂല്യമുള്ള ചിത്രങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ സർക്കാർ തിയേറ്ററുകൾ പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement