കേരളത്തിൽ ഇനി ഡിഗ്രി ലഭിക്കണമെങ്കിൽ ആറ് കഴിവുകൾ വേണം, മാറ്റം വരുന്ന വർഷം മുതൽ

Monday 26 February 2024 1:17 PM IST

തിരുവനന്തപുരം: പരമ്പരാഗത പരീക്ഷാ രീതികളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായുള്ള ഓപ്പൺബുക്ക് പരീക്ഷ അടുത്ത വർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകളിലും വരും. പുസ്തകമോ ഗൈഡോ ക്ലാസ്‌നോട്ടോ തുറന്നുവച്ച് ഉത്തരങ്ങൾ എഴുതുന്നതല്ല, റഫർ ചെയ്ത് ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട പരീക്ഷാരീതിയാണിത്. ബുദ്ധിയും വിശകലനശേഷിയുമുപയോഗിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങളാവും ഉണ്ടാവുക.

ഓപ്പൺബുക്ക് പരീക്ഷയ്ക്കായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ കരട്ചട്ടം സർക്കാർ അംഗീകരിച്ച് വാഴ്സിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. ബോർഡ് ഒഫ് സ്റ്റഡീസുകളാണ് ഏതൊക്കെ കോഴ്സുകളിലാണ് ഓപ്പൺബുക്ക് വേണ്ടതെന്ന് തീരുമാനിക്കുക. പ്രോബ്ലം സോൾവിംഗ് രീതിയിലുള്ളതായിരിക്കും ചോദ്യങ്ങൾ. വിദ്യാർത്ഥികളുടെ അപഗ്രഥനശേഷിയാവും വിലയിരുത്തുക. നന്നായി പഠിക്കുന്നവർക്കേ ഇതു കണ്ടെത്താനാവൂ.

കുട്ടികളുടെ ചിന്ത, പ്രശ്നപരിഹാരം, ടീം വർക്ക്, ആശയവിനിമയം, സാമൂഹ്യഇടപെടൽ എന്നിവയ്ക്കുള്ള ശേഷി കൂട്ടാനും സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് 4വർഷ ബിരുദത്തിലുള്ള ഫൗണ്ടേഷൻ കോഴ്സുകളിലാവും ആദ്യം ഓപ്പൺബുക്ക് പരീക്ഷ. വിശകലനാത്മകമായ ചോദ്യങ്ങളുണ്ടാക്കുന്നതും ഉത്തരസൂചിക പോലുമില്ലാതെ മൂല്യനിർണയം നടത്തുന്നതും അദ്ധ്യാപകർക്കും വെല്ലുവിളിയാകും. ബുദ്ധിവൈഭവവും കാര്യക്ഷമതയും അളക്കേണ്ടതിനാൽ മൂല്യനിർണയത്തിന് ഏകീകൃത മാനദണ്ഡം അസാദ്ധ്യമാവും. ചോദ്യങ്ങളുടെയും അദ്ധ്യാപനത്തിന്റെയും രീതി മാറും. വിഷയം നന്നായി മനസിലാക്കിയാലേ ഗുണമുള്ളൂ.പാഠ്യവിഷയം എത്രത്തോളം മനസിലാക്കിയിട്ടുണ്ടെന്നാവും പരീക്ഷിക്കപ്പെടുക.പഠിച്ചത് പ്രായോഗികമായി ഉപയോഗിക്കാനുള്ള കഴിവ് വിലയിരുത്തും.

ഗുണങ്ങൾ

1.വിഷയം ഉൾക്കൊണ്ട് പഠിക്കാം

2.കോപ്പിയടി ഇല്ലാതാവും 3.ചിന്തയും വിശകലനവും കൂടും 4.പഠന നിലവാരം ഉയരും.

5.പരീക്ഷാസമ്മർദ്ദം കുറയും

പരിശോധിക്കുന്നത് 6 കഴിവുകൾ

1.മനസിലാക്കൽ. 2.അപഗ്രഥനം 3.പ്രയോഗിക്കൽ. 4.വിശകലനം. 5.വിലയിരുത്തൽ. 6. ക്രിയാത്മകത