കൈവിടാതെ കോണി

Tuesday 27 February 2024 12:47 AM IST

ആരൊക്കെ, എന്തൊക്കെ അപഖ്യാതികൾ പറഞ്ഞു പരത്തിയാലും വിനയം, വിവേകം, വിട്ടുവീഴ്ച എന്നീ ഗുണങ്ങൾ സമാസമം ചേർന്ന ഏക പാർട്ടിയാണ് കോൺഗ്രസെന്ന് ലീഗിനറിയാം. പണ്ടുമുതലേ അങ്ങനെയാണ്. സ്‌നേഹം വാരിക്കോരി നൽകി കോൺഗ്രസുകാർ കരയിച്ചുകളയും. ഒരു ഉണ്ടമ്പൊരി ചോദിച്ചാൽ തരില്ലെന്ന് ആദ്യം പറഞ്ഞാലും കുറച്ചുകഴിയുമ്പോൾ രണ്ടെണ്ണം തന്ന് 'ബിസ്മയിപ്പിക്കും". എന്നിട്ടും സന്തോഷായില്ലെങ്കിൽ ആരും കാണാതെ ഒരെണ്ണം കൂടി തരും. പണ്ട് അറിവില്ലായ്മകൊണ്ട് നെഹ്‌റുജി ലീഗിനെ ചത്തകുതിരയെന്ന് വിളിച്ചതിൽ ഇപ്പോഴത്തെ ഹൈക്കമാൻഡുകാർക്ക് വലിയ സങ്കടമുണ്ട്. ലീഗൊരു പടക്കുതിരയാണെന്ന് സകലർക്കും പിടികിട്ടി.

ഇ. അഹമ്മദ് സാഹിബ് ആ പടക്കുതിരപ്പുറത്താണ് കേന്ദ്രമന്ത്രിസഭയിലെത്തിയത്. പച്ച പടക്കുതിരയില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് കട്ടപ്പുറത്താകും. യു.പി.എ മന്ത്രിസഭയിൽ അഹമ്മദ് സാഹിബിനെ ഫുൾ മന്ത്രിയാക്കാതെ സഹമന്ത്രിയെന്ന ഹാഫ് മന്ത്രിയാക്കിയതിൽ ലീഗിനു സങ്കടമുണ്ടായെങ്കിലും ആലോചിച്ചുനോക്കിയപ്പോൾ അതങ്ങ് മാറുകയായിരുന്നു. ഉദാഹരണത്തിന്, കുഴിമന്തി ആദ്യമേ ഒരെണ്ണം ഫുള്ളായി കഴിച്ചാൽ വയറ്റിൽ നിന്ന് അറബിക്കടൽ ഇളകിവരാൻ സാദ്ധ്യതയുള്ളതിനാൽ ഹാഫ് മന്തിയാണ് സേഫ്. വിഷമിക്കേണ്ട, അടുത്തതവണ ഫുൾ മന്ത്രിസ്ഥാനം തരാമെന്ന് ഹൈക്കമാൻഡുകാർ അന്ന് ഉറപ്പുനൽകിയിരുന്നു. ആ 'അടുത്തതവണ"യ്ക്കായി കഴിഞ്ഞ പത്തുവർഷമായി കാത്തിരിക്കുന്നു. ഇനി എന്നാണാവോ!.

മുഖ്യമന്തിയും മന്ത്രിയും ലീഗിന് ഒരുപോലെയാണ് - എത്ര കിട്ടിയാലും മടുക്കില്ല. കുറേക്കാലമായി ഹൈക്കമാൻഡിന്റെ അടുക്കളയിൽ വരെ മൂന്നു നേരവും കഞ്ഞിയാണെന്നാണ് ദേഹണ്ഡക്കാരിൽ പ്രധാനിയായ വേണുഗോപാൽജിയിൽ നിന്ന് രഹസ്യമായി അറിഞ്ഞത്.

പോത്തുബിരിയാണിയും അയക്കൂറ 'മെളകിട്ടതും" ചൂടുപൊറോട്ടയുമൊക്കെ കഴിക്കണമെങ്കിൽ കോഴിക്കോട്ട് ലീഗ് ഹൗസിൽ വരേണ്ട അവസ്ഥയായത്രേ. മനസറിഞ്ഞ് കൊടുത്താൽ കൂടെ നിൽക്കുന്ന ഒരേയൊരു പാർട്ടിയേ ഈ ദുനിയാവിൽ ഉള്ളൂവെന്നും അത് മുസ്ലിംലീഗാണെന്നും കമ്മ്യൂണിസ്റ്റുകാർക്കും അറിയാം. ലീഗുകാരെ സ്‌നേഹിച്ചു കറക്കിയെടുത്ത് കുഴിയിൽ ചാടിക്കാനാണ് സഖാക്കളുടെ പരിപാടി.

ശുദ്ധന്മാരായ ലീഗുകാർ അവരുടെ വശീകരണവിദ്യയിൽ വീണുപോകുമോയെന്ന് ഉറ്റസുഹൃത്തുക്കളായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകർജിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻജിക്കും ആശങ്കയുണ്ട്. ലീഗ് ചെന്നാൽ എന്തും കൊടുക്കാമെന്നാണ് മൂത്ത സഖാക്കളുടെ ഉറപ്പ്. പണ്ട് മാണി സാറിനെ കറക്കിയെടുത്ത് മുഖ്യമന്ത്രിയാക്കാനുള്ള സഖാക്കളുടെ പദ്ധതി വളരെ കഷ്ടപ്പെട്ടാണ് പൊളിച്ചത്. പച്ചക്കള്ളങ്ങൾ പറഞ്ഞ് ചിലർ ആ പാവത്തെ വെട്ടിലാക്കിയപ്പോൾ പദ്ധതി പൊളിയുകയായിരുന്നു. അവർ ആരൊക്കെയാണെന്ന് കൃത്യമായി അറിഞ്ഞ ഷോക്കിലാണ് ജോസ് മോൻ സഖാവായത്. അതോടെ കേരള കോൺഗ്രസ് കറയില്ലാത്ത സോഷ്യലിസ്റ്റ് പാർട്ടിയായി. റബറിന്റെ വില കയറുന്നതും ഇറങ്ങുന്നതും പോലെ പ്രതീക്ഷിക്കാതെയാണ് ഓരോരോ കാര്യങ്ങൾ.

സീറ്റിന്റെ പേരിൽ വഴക്കിട്ട് ലീഗ് ചാടിപ്പോരുമെന്ന പ്രതീക്ഷയിലായിരുന്നു കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കാരണവന്മാരെങ്കിലും എല്ലാം പൊളിഞ്ഞുപോയി. ഇപ്പോഴത്തെ നിലയ്ക്ക് ലീഗ് വരുമെന്ന് പ്രതീക്ഷയില്ലെങ്കിലും കതക് തുറന്നിട്ടിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും കടന്നുവരാം. ഖദറിട്ട പഹയന്മാർ രണ്ടാമതൊരു രാജ്യസഭാ സീറ്റ് കൂടി കൊടുത്താണ് ലീഗിനെ കൂടെനിറുത്തിയത്. മുട്ടായി കൊടുത്ത് പിള്ളേരുടെ കരച്ചിൽ മാറ്റുന്ന പരിപാടി. ലോക്‌സഭയിലേക്ക് എക്‌സ്ട്രാ ഒരു സീറ്റ് കൂടി കൊടുത്തേക്കുമെന്നാണ് കേൾവി. അത്രയ്ക്കു കൊടുക്കാൻ തത്കാലം നമുക്ക് പാങ്ങില്ല. തറവാട്ടിലെ കൊച്ചേട്ടനും ജോസ് മോനും പിണങ്ങും.

എക്സ്പൻസീവ്

കോംപ്രമൈസ്!

കൈയിലുള്ളത് ചില്ലറയാണെങ്കിലും അയക്കൂറയോ ആവോലിയോ വാങ്ങണമെന്നു മോഹിക്കുന്നതുപോലെയാണ് കോൺഗ്രസിന്റെ കാര്യമെന്ന് ലീഗുകാർ പറയുന്നതിൽ കാര്യമില്ലാതില്ല. ചില്ലറ കൊടുത്താൽ വയറുപൊട്ടിയ ചാളപോലും കിട്ടില്ലെന്ന് തുറന്നടിച്ചപ്പോഴാണ് ലീഗിന്റെ വില ഉയർന്നത്. ഉടൻ കിട്ടി, രാജ്യസഭാ സീറ്റ്. ആഞ്ഞുപിടിച്ചാൽ ലോക്‌സഭാ സീറ്റും പോരും. കിട്ടിയില്ലെങ്കിൽ സ്വന്തം നിലയ്ക്കു പ്രഖ്യാപിക്കാം. അതാണ് ലീഗിന്റെ രീതി. ഇണങ്ങിയാൽ ബിരിയാണി, ഇടഞ്ഞാൽ ഇടങ്കോൽ.!.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് അർഹതയുള്ള കസേര കിട്ടാതിരുന്നപ്പോൾ മുഖ്യമന്ത്രി അറിയാതെ അഞ്ചാം മന്ത്രിയുടെ വകുപ്പടക്കം പ്രഖ്യാപിച്ച പാർട്ടിയാണ് ലീഗ്. മുഖ്യമന്ത്രിസ്ഥാനത്തിനു യോഗ്യതയുണ്ടായിട്ടും തരാത്തതിന്റെ വേദന മറക്കാനാണ് മന്ത്രിക്കസേര ചോദിച്ചത്. സി.പി.എം ആയിരുന്നെങ്കിൽ കുഞ്ഞാലിക്കുട്ടി സാഹിബിന് മുഖ്യമന്ത്രിയാകാമായിരുന്നു. കൂടെവന്നാൽ മുഖ്യമന്ത്രിക്കസേര തരാമെന്ന് പരിവാറുകാരിൽ ചിലരും ഈയിടെ സൂചിപ്പിച്ചിരുന്നു. അവരിൽ വിവരമുള്ള കുട്ടികളുമുണ്ട്. നല്ല മനുഷ്യരുമായി കൂട്ടുകൂടുകയെന്നതാണ് ലീഗിന്റെ നയം. മനുഷ്യർ നന്നാവാനും ചീത്തയാവാനും അധികം സമയംവേണ്ട.
പടക്കുതിരയെ കൂടെനിറുത്തണമെങ്കിൽ ചെലവ് കൂടുമെന്ന് കോൺഗ്രസുകാർ ഇനിയെങ്കിലും മനസിലാക്കിയാൽ കൊള്ളാം. അല്ലാതെ, കാടി കൊടുത്ത് കാളയെ വളർത്തുന്നതുപോലെയല്ല. മലബാറിൽ ലീഗില്ലെങ്കിൽ യു.ഡി.എഫ് ഇല്ലെന്ന് രാഹുൽജിക്കുവരെ അറിയാം. വയനാട്ടിൽ രാഹുൽജി ജയിച്ചതെങ്ങനെയാണെന്ന കാര്യം ഓർമ്മിപ്പിക്കേണ്ടിവരുന്നത് കഷ്ടമാണ്. സ്മരണകൾ ഉണ്ടായാൽ എല്ലാവർക്കും ഗുണകരമാണ്.

പ്ലീസ്, ഇങ്ങനെ

തോൽപ്പിക്കരുത്

സംഘികളും സഖാക്കളും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കോൺഗ്രസുകാർ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. കോൺഗ്രസിനെ തകർക്കാൻ ബാലറ്റ് പേപ്പറിലും വോട്ടിംഗ് യന്ത്രത്തിലും ചില കെണികൾ ഒരുക്കി സഖാക്കളെ ജയിപ്പിക്കുകയാണ് സംഘികൾ. സ്വന്തം വോട്ടുകൾ മറിക്കുന്നതിനു പുറമേയാണ് ഈ കലാപരിപാടി. സംസ്ഥാനത്തെ 23 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അഞ്ചിൽ നിന്നു പത്തിലെത്തിയപ്പോൾ യു.ഡി.എഫ് 14ൽ നിന്ന് പത്തിലേക്ക് ചുരുങ്ങിയത് ഈ ഗൂഢാലോചനയ്ക്കു തെളിവാണ്. പരിവാറുകാർ നാലിൽ നിന്നു മൂന്നായി. ഒരു സീറ്റ് സഖാക്കൾക്ക് സമ്മാനമായി നൽകിയെന്നു ചുരുക്കം.

ഒരുപാട് കാര്യങ്ങൾ കുത്തിപ്പൊക്കിയെങ്കിലും സഖാക്കൾക്ക് ക്ഷീണമില്ലെന്നു മാത്രമല്ല, എവിടെ മത്സരിച്ചാലും ജയിക്കുകയും ചെയ്യുന്നു. കാര്യങ്ങൾ ഇങ്ങനെയായാൽ പടിക്കലെത്തിയ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എന്താകും കഥയെന്നൊരു ആശങ്ക കളമൊഴിഞ്ഞ ചില ഖദറുകാർ അടുപ്പക്കാരോട് പങ്കുവയ്ക്കുന്നു. തമ്മിലടി തുടർന്നാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും കരകയറില്ലെന്നാണ് ഇവരുടെ ആശങ്ക. കാര്യങ്ങൾ ലീഗ് തീരുമാനിക്കുകയും കോൺഗ്രസ് അനുസരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കാനാവുമോയെന്ന ചോദ്യത്തിന് 2026ൽ ഉത്തരംകിട്ടും.